കീവ്: യുദ്ധത്തിന്റെ ആറാം ദിനവും റഷ്യയുടെ കനത്ത ആക്രമണങ്ങൾക്ക് സാക്ഷിയാകുകയാണ് യുക്രെയ്ൻ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ ഖാർകീവിൽ മിസൈൽ ആക്രമണം തുടരുകയാണ്. ഖാർകീവിലെ ഏറെ പ്രശസ്തമായ ഫ്രീഡം സ്‌ക്വയർ മിസൈൽ ആക്രമണത്തിൽ നാമാവശേഷമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ യുക്രെയ്ൻ വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
https://twitter.com/i/status/1498569115950272517
നിരവധി സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയ ഖാർകീവിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി പ്രതികരിച്ചു. റഷ്യയെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
‘ഇത് യുദ്ധക്കുറ്റമാണെന്ന് വ്യക്തമാണ്. സമാധാനപരമായ നഗരം.. സമാധാനപരമായ താമസസ്ഥലങ്ങൾ.. സൈനിക നീക്കങ്ങളോ സൗകര്യങ്ങളോ ഇല്ലാത്തയിടം.. ആദ്യമായി സംഭവിക്കുന്ന ഒരു തെറ്റോ അബദ്ധമോ ആയി ഇവിടെ നടക്കുന്ന ആക്രമണത്തെ കണക്കാക്കാനാകില്ല.. നൂറുക്കണക്കിന് ദൃക്‌സക്ഷികൾ ഇതിനുണ്ട്.. സാധാരണക്കാർക്ക് നേരെയും ബോധപൂർവമായ ആക്രമണമാണ് നടക്കുന്നത്.. എവിടേക്കെല്ലാം വെടിയുതിർക്കുന്നുണ്ടെന്ന് റഷ്യക്കാർക്ക് നല്ലപോലെ അറിയാമെന്നും സെലൻസ്‌കി പ്രതികരിച്ചു.
ഇതിനിടെ ഖാർകീവിലെ സംഘർഷത്തിനിടയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടകയിലെ ഹവാരിയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് മരിച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.















