ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തി. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി പുടിനുമായി അടിയന്തര ഫോൺ സംഭാഷണം നടത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്.
നേരത്തെ യുക്രെയ്നിലെ ഇന്ത്യക്കാർക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും, മെഡിക്കൽ വിദ്യാർത്ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രെയ്നിലെ രക്ഷാദൗത്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
യുക്രെയ്നിലെ ഖാർകീവിൽ റഷ്യയുടെ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ മുൻനിർത്തി ഏവരും എത്രയും വേഗം ഖാർകീവ് വിടണമെന്ന് എംബസി ആവശ്യപ്പെട്ടിരുന്നു. കാൽനട യാത്രയായിട്ടെങ്കിലും ഖാർകീവിൽ നിന്നും പുറത്തുകടക്കണമെന്നാണ് എംബസിയുടെ ആവശ്യം. പ്രാദേശിക സമയം ആറ് മണിയ്ക്ക് മുൻപ് ഒഴിയാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യക്കാരെ രാത്രിയ്ക്ക് മുൻപ് മാറ്റാൻ റഷ്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments