കീവ്: യുദ്ധക്കളത്തിൽ റഷ്യ ഉപേക്ഷിച്ച് പോയ യുദ്ധടാങ്കുകൾ ഓൺലൈനിൽ ലേലത്തിനിട്ട യുക്രെയ്ൻകാർ, ടാങ്കുകൾ ട്രാക്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്ന കർഷകർ. പ്രമുഖമലയാള മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വരുന്ന വാർത്തകളാണിത്.
എന്താണിതിന് പിന്നിലെ സത്യം ? യുദ്ധക്കളത്തിൽ റഷ്യ ടാങ്കുകളും മറ്റും ഉപേക്ഷിച്ചോ? അവ യുക്രെയ്ൻകാർ സ്വന്തമാക്കിയോ എന്നതിന് ഉത്തരം തേടുകയാണ് ആളുകൾ. വാസ്തവത്തിൽ റഷ്യയിലെ യുദ്ധ ടാങ്കുകൾ യുക്രെയ്ൻകാർ ഓൺലൈനിൽ ലേലത്തിന് വെച്ചതെന്ന് പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിപ്പോൾ തെളിവ് സഹിതം പറയുന്നത്.
ലേലത്തിന് ഇട്ടെന്ന് പറയുന്ന ടി 72 ടാങ്കുകളുടെ ചിത്രം 2010 മുതൽ പ്രചരിക്കുന്നുണ്ടെന്നാണ് വിവരം. യുദ്ധത്തെ സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും വൈറലാകുന്ന സാഹചര്യത്തിലാണ് ഈ ചിത്രവും വൈറലായത്.
വർഷങ്ങൾക്ക് മുൻപ് ടാങ്കറിന് 50,000 യുഎസ് ഡോളർ വിലയിട്ട് ഇബേയ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഏതോ വിരുതൻ ലേലത്തിന് ഇട്ട പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകളാണ് യുക്രെയ്ൻകാർ റഷ്യൻ യുദ്ധടാങ്കറുകൾ ഓൺലൈനിൽ വിൽക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത്.















