മൂന്ന് ടൺ ഭാരമുള്ള ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ ചന്ദ്രനിൽ ഇടിച്ച് ഉപരിതലത്തിൽ വൻ ഗർത്തമുണ്ടാക്കിയതായി റിപ്പോർട്ട്. ഏഴ് വർഷത്തെ ബഹിരാകാശ ചുറ്റിക്കറങ്ങലിന് ശേഷമാണ് ചൈനീസ് റോക്കറ്റിന്റെ പതനം. തൽഫലമുണ്ടായ ഗർത്തത്തിന് ഏകദേശം 65 അടി വീതിയുണ്ടെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014ൽ വിക്ഷേപിച്ച ചാങ്ഇ 5-ടി1ന്റെ ബൂസ്റ്ററായ 2014-065ബിയാണ് നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. ശാസ്ത്രജ്ഞനായ ബിൽ ഗ്രേ ആയിരുന്നു പതനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ആദ്യം നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.25നായിരുന്നു സംഭവം. ഈ സമയത്ത് നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ മറ്റൊരു ഭാഗത്തായിരുന്നതിനാൽ റോക്കറ്റ് ഇടിച്ചിറങ്ങുന്ന ചിത്രങ്ങൾ പകർത്താനായില്ല.
ഇതാദ്യമായല്ല ഒരു ചൈനീസ് റോക്കറ്റ് പതിക്കുന്നത്. അതുകൊണ്ട് തന്നെ ബഹിരാകാശത്തേക്ക് ചൈന വിക്ഷേപിച്ച റോക്കറ്റുകളും നിലയങ്ങളുമെല്ലാം തന്നെ ഭൂമിക്ക് ഭീഷണിയാണ്. ഇതിന് മുമ്പ് പലതവണ ചൈനീസ് റോക്കറ്റുകൾ ഭൂമിയിൽ പതിച്ചിട്ടുണ്ട്. ഇത്തരം പതനങ്ങളെക്കുറിച്ച് നേരത്തെ തന്നെ പ്രഖ്യാപിക്കുകയും പതിവാണ്. ഒടുവിൽ ചന്ദ്രനിൽ പതിച്ച റോക്കറ്റിനെക്കുറിച്ചും മുന്നറിയിപ്പ് വന്നിരുന്നു. മാർച്ച് ആദ്യ വാരത്തിൽ സംഭവിക്കുമെന്നായിരുന്നു പ്രവചനം.















