വളർത്തുമൃഗങ്ങൾ ഇന്ന് മനുഷ്യന്റെ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ തന്നെ വളർത്തു മൃഗങ്ങളെ മനുഷ്യൻ ഓമനിച്ചുവളർത്തുന്നു. പറമ്പിൽ കൂടൊരുക്കി വളർത്തിയിരുന്ന ഓമനമൃഗങ്ങളുടെ സ്ഥാനം കിടപ്പ് മുറിയിൽ എത്തുന്നത് വരെയെത്തി കാര്യങ്ങൾ. ഓമനമൃങ്ങൾക്ക് വേണ്ടി എന്ത് ത്യാഗവും മനുഷ്യൻ സഹിക്കും, ലക്ഷങ്ങൾ ചെലവഴിക്കും, ജീവൻ വരെ മുൾമുനയിൽ നിർത്തും.
സാധാരണയായി പട്ടി,പൂച്ച,പക്ഷികൾ, മുയൽ അങ്ങനെയുള്ള ജീവികളാണ് മനുഷ്യൻ ഓമനകളായി സാധാരണ വളർത്താറ്. എന്നാൽ എന്തിനും ഏതിനും അൽപം പ്രത്യേകതകൾ സൂക്ഷിക്കുന്ന ജപ്പാൻകാരുടെ പ്രിയപ്പെട്ട പെറ്റ് ഇതൊന്നുമല്ല. ഇത്തിരി കുഞ്ഞൻ വണ്ടാണ്. ആളിത്തിരിയേ ഉള്ളൂവെങ്കിലും ലക്ഷങ്ങളാണീ വണ്ടിന് വിപണിയിൽ വില വരുന്നത്.
സ്റ്റാഗ് വണ്ട് എന്നറിയപ്പെടുന്ന ഈ വിരുതന് 2 മുതൽ മൂന്ന് ഇഞ്ച് വരെ മാത്രമാണ് വലിപ്പമുള്ളത്.ലുക്കാനിഡേ കുടുംബത്തിലെ ഏകദേശം 1,200 ഇനം വണ്ടുകളുടെ കുടുംബമാണ് ഇവ. നിലവിൽ നാല് ഉപകുടുംബങ്ങളായി ഇവയെ തംതിരിച്ചിരിക്കുന്നു
ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവും അപൂർവ്വവുമായ ഇനങ്ങളിൽ ഒന്നായത് കൊണ്ട് തന്നെയാണ് സ്റ്റാഗ് വണ്ട് വലിയ വിഐപി ആയത്. 65 ലക്ഷം രൂപയ്‌ക്ക് വരെ വണ്ട് ലേലത്തിൽ വിറ്റ് പോയിട്ടുണ്ട്. തലയിൽ നിന്ന് കറുത്ത തലയിൽ നിന്ന് ചുവന്ന നീളൻ കൊമ്പുകളുള്ള ഇവ ആരുടേയും ശ്രദ്ധ ഒന്നാകർഷിക്കും. വേറെയുമുണ്ട് സ്റ്റാഗ് വണ്ടിന് പ്രത്യേകതകൾ.
പ്രാണിവർഗത്തിൽപ്പെട്ടതാണെങ്കിലും ഇവ ഭക്ഷണം കഴിക്കാറില്ല.പകരം മരക്കറയും പഴങ്ങൾ അഴുകിയതും കുടിക്കുന്നു. എന്നാൽ ഇവയുടെ ലാർവ്വകളുടെ പ്രധാനഭക്ഷണം മണ്ണിനടിയിലെ ജീർണ്ണിച്ച മരത്തടികളാണ്. വിചിത്രം തന്നെ അല്ലേ? .
ഇവയുടെ സ്വാഭാവിക ആവാസ കേന്ദ്രം വനപ്രദേശങ്ങളാണെങ്കിലും തോട്ടങ്ങളിലും നഗരപ്രദേശങ്ങളിലും ഇതിനെ കണ്ടവരുണ്ട്. സ്റ്റാഗിനെ ഉപയോഗിച്ച് പലതരം മരുന്നുകൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നും വിവരങ്ങളുണ്ട്. ജപ്പാനിൽ ആളുകൾ സ്റ്റാഗിനെ വ്യാപകമായി കച്ചവടം ചെയ്യുന്നതും കടത്തുന്നതും വിമർശിക്കപ്പെടാറുണ്ട്. ഇതിനെ സ്റ്റാഗ് ബീറഅറിൽ മാനിയ എന്നാണ് ആളുകൾ പറയുന്നത്.















