നെയ്റോബി: യേശുവിനെ കാണാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം പട്ടിണി കിടന്ന് മരിക്കാന്‍ അനുയായികളോട് നിര്‍ദേശിച്ച മതനേതാവ് പോള്‍ മക്കെന്സിക്കെതിരെ കെനിയന്‍ കോടതി കുറ്റം കണ്ടെത്തി. കിഴക്കന്‍ കെനിയയിലെ ഷകാഹോള വനത്തില്‍ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മൊംബാസ ഹൈക്കോടതിയുടെ നടപടി. മക്കെന്സിക്കൊപ്പം മുപ്പതോളം പ്രതികള്‍ക്കെതിരെയും കോടതി കുറ്റം കണ്ടെത്തിയിട്ടുണ്ട്. ‘ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്’ എന്ന മതസംഘടനയ്ക്ക് നേതൃത്വം നല്‍കിയിരുന്നയാളാണ് പോള്‍ മക്കെന്‍സി.
സ്വര്‍ഗത്തിലെത്തി യേശുവുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പട്ടിണി കിടന്ന് മരിക്കണമെന്നായിരുന്നു ഇയാള്‍ അനുയായികളോടും അവരുടെ കുട്ടികളോടും നിര്‍ദേശിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാളൊഴികെ എല്ലാവരും കുട്ടികളായിരുന്നുവെന്നാണ് പ്രോസിക്യൂഷന് വ്യക്തമാക്കിയത്. കെനിയയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ക്രിമിനല്‍ കേസുകളിലൊന്നായാണ് പ്രോസിക്യൂഷന് ഈ കേസിനെ വിശേഷിപ്പിച്ചത്. മാരകമായ ഉപവാസം അനുയായികള്‍ക്കിടയില്‍ നടപ്പാക്കാന്‍ മതപരമായ ഉപദേശങ്ങളും കര്‍ശനമായ അധികാരശ്രേണിയും ഉള്‍പ്പെടുന്ന ആസൂത്രിത സംവിധാനം മക്കെന്‍സി ഉപയോഗിച്ചെന്നാണ് കോടതി കണ്ടെത്തിയതെന്ന് കെനിയയിലെ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന് ഓഫീസ് അറിയിച്ചു. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കുട്ടികളില്‍നിന്നാണ് നിര്‍ബന്ധിത ഉപവാസം ആരംഭിച്ചതെന്ന് പ്രോസിക്യൂഷന് ഓഫീസ് വ്യക്തമാക്കി. അനുയായികളുടെ നീക്കങ്ങള്‍ കാവല്ക്കാര് നിയന്ത്രിക്കുകയും ആര്‍ക്കും രക്ഷപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെയും ഔപചാരിക വിദ്യാഭ്യാസത്തെയും മക്കെന്‍സി എതിര്‍ത്തിരുന്നതായും കോടതി നടപടികളില്‍ വ്യക്തമായി. ഷകാഹോള വനത്തില്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം കെനിയയെ നടുക്കിയിരുന്നു. മതവിശ്വാസത്തിന്റെ പേരില്‍ അനുയായികളെ മരണത്തിലേക്ക് നയിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി കണ്ടെത്തിയ കുറ്റങ്ങള്‍ നിര്‍ണായകമാണ്.















