ഇതൊരു മുത്തശ്ശിക്കഥയല്ല, എന്നാല്‍ ഒരു മുത്തശ്ശി പറഞ്ഞ അനുഭവ കഥയാണ്. രണ്ടാംലോകമഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ നാസിപ്പടയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഒന്‍പതു വനിതകളുടെയും അവരെ നയിച്ച ഫ്രഞ്ച് യുവതിയുടെയും കഥ. ഹെലിന്‍ പോഡലിയാസ്‌കി എന്ന യുവതിയാണ് നാസികള്‍ക്കെതിരെ പോരാട്ടം നയിച്ചത്. നാസിപ്പട സ്ത്രീകളോട് കാണിച്ച കൊടുംക്രൂരതയുടെ സാക്ഷ്യമായിരുന്നു അവരുടെ ജീവിതം. തടവറയില്‍നിന്നും രക്ഷപ്പെട്ട അതിജീവനത്തിന്റെ കഥയാണ് ഹെലിന്റെത്. പോരാളികളായ വനിതകള്‍ എക്കാലത്തെയും ജ്വലിക്കുന്ന ഓര്‍മകളാണ്. കാലത്തിനും ദേശത്തിനും അപ്പുറം അതിരുകളില്ലാതെ അവര്‍ മനസ്സുകളില്‍ കുടിയേറും. ഹെലിന്റെ ജീവിതം അതാണ് നമ്മോട് പറയുന്നത്.
രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനനാളുകളായിരുന്നു അത്. ഫ്രാന്‍സിന്റെ എല്ലാ പ്രതിരോധങ്ങളെയും തകര്‍ക്കാന്‍ ജര്‍മ്മനിയിലെ നാസികള്‍ നിരന്തര ശ്രമം നടത്തിക്കൊണ്ടിരുന്നു. ഈ സമയത്ത് നമ്മുടെ കഥാനായിക ഹെലിന്‍ പോഡലിയാസ്‌കി ഏജന്റ് ഡി ലെയ്സണായി ജോലി ചെയ്യുകയായിരുന്നു. ജര്‍മ്മന്‍ ഉള്‍പ്പെടെ അഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ഹെലിന്‍ ഒരു എഞ്ചിനീയറായിരുന്നു. ജര്‍മ്മന്‍ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 1944 ല്‍ ഹെലിന്‍ തടവിലായി.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഹെലിന്‍ പോഡ്ലിയാസ്‌കിക്ക് 24 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഹെലിനോടൊപ്പം ഈ സമയത്ത് അറസ്റ്റിലായവരില്‍ മറ്റ് എട്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. സുഹൃത്തായ സുഡാന്‍ മൗഡറ്റായിരുന്നു അതില്‍ ഒരാള്‍. ഫ്രഞ്ച് യുവാക്കളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റത്തിനായണ് മൗഡറ്റ അറസ്റ്റിലാകുന്നത്. പാരീസ് മേഖലയിലെ ഏജന്റുമാരുടെ ചുമതലയുള്ള നിക്കോള്‍ ക്ലാരന്‍സ് ആയിരുന്നു തടവിലായ മറ്റൊരു വനിത. ജാക്വലിന്‍, മോഡലോണ്‍, ഗില്ലെമെറ്റ്, റെനീ ലെബോണ്‍ , ജോസെഫിന്‍, മാര്‍സെയില്‍, ഗുയിഗുയി എന്നിവരായിരുന്നു മറ്റുള്ളവര്‍. ഒന്‍പത് പേരെയും വടക്കന്‍ ജര്‍മ്മനിയിലെ സ്ത്രീകള്‍ക്കായുള്ള തടങ്കല്‍ പാളയത്തിലേക്ക് മാറ്റി. ഇവിടെ വച്ചാണ് 9 യുവതികളും ശക്തമായ സൗഹൃദം സ്ഥാപിച്ചത്.
ക്യാമ്പിലെ അവസ്ഥ ഭയാനകമായിരുന്നുവെന്ന് ഹെലിന്‍പോഡ് ഓര്‍ക്കുന്നു. അവരെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും നഗ്‌നരാക്കുകയും മഞ്ഞുമൂടിയ മേഖലയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ ശൃംഖല സൃഷ്ടിച്ചാണ് അവര്‍ ക്യാംപില്‍ അതിജീവിച്ചത്. വിശപ്പ് വേദനാജനകമായിരുന്നു, പിന്നീട് നാസികള്‍ ക്യാമ്പ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചു, പട്ടിണികിടന്നുക്ഷീണിച്ച 5,000 സ്ത്രീകളെ കിഴക്ക് ജര്‍മ്മന്‍ ഗ്രാമപ്രദേശങ്ങളിലേക്ക് നയിച്ചു. അത് സ്ത്രീകളുടെ മരണമാര്‍ച്ച് ആയിരുന്നു.
ഒന്നുകില്‍ രക്ഷപ്പെടണം അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടുകയോ പട്ടിണി കിടന്ന് മരിക്കുകയോ ചെയ്യും. അതിനാല്‍ രക്ഷപ്പെടാന്‍ അവര്‍ ഒരു ഉപായം കണ്ടെത്തി. പോകുന്ന വഴിയില്‍ ശവക്കൂമ്പാരങ്ങളുടെ കുഴികള്‍ ധാരാളമുണ്ടായിരുന്നു. ശവക്കൂമ്പാരം നിറഞ്ഞ കുഴിയില്‍ അവര്‍ കിടന്നതിനാല്‍ മൃതശരീരങ്ങളെന്ന് കരുതി അവരെ ആരും അവരെ ഗൗനിച്ചില്ല.
രക്ഷപ്പെടാന്‍ പിന്നീടവര്‍ അമേരിക്കന്‍ സൈനികരുടെ സഹായം തേടുകയായിരുന്നു. ദീര്‍ഘ നാള്‍ തടവില്‍ കൊടിയ പീഡനം ഏല്‍ക്കേണ്ടിവന്നതിനാല്‍ പലരും കടുത്ത രോഗ ബാധിതരായിരുന്നു.
അതിനാല്‍ തന്നെ ശാരീരിക പ്രശ്നങ്ങള്‍ കാരണം അഞ്ചോ, ആറോ കിലോമീറ്റര്‍ മാത്രമേ ഇവര്‍ക്ക് ഒരു ദിവസം സഞ്ചരിക്കാനായുളളൂ. വഴികളില്‍ നാസിപ്പടയുടെ സാന്നിധ്യം ഏതു സമയവും ഉണ്ടായേക്കാം. ഭീതിയോടെയായിരുന്നു അവര്‍ ഓരോ ചുവടുകളും മുന്നോട്ടുവെച്ചത്. അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ചിരുന്ന മുള്‍ഡെ നദിയുടെ മറുകരയെത്തുക എന്നതായിരുന്നു അവരുടെ അവസാന കടമ്പ. അതത്ര എളുപ്പമായിരുന്നില്ല. സ്വാതന്ത്ര്യ തൃഷ്ണയില്‍ അവശതകള്‍ എല്ലാം മറന്ന് അവര്‍ 9 പേരും മറുകരയെത്തി. മുള്‍ഡെ നദിയുടെ മറുകരയെത്തിയ അവര്‍ക്ക് അമേരിക്കന്‍ സേന സുരക്ഷ ഉറപ്പുനല്‍കി. അങ്ങനെയവര്‍ രക്ഷപ്പെട്ട് സ്വദേശത്ത് എത്തി. യുദ്ധാനന്തരജീവിതം സ്ത്രീകളെ സംബന്ധിച്ച് വലിയ പ്രയാസമായിരുന്നു. യുവത്വം തടങ്കല്‍പാളയത്തില്‍ കഠിനജീവിതം നയിച്ച അവര്‍ക്ക് പില്‍ക്കാലത്ത് ഏകാന്തതയും അരക്ഷിതത്വവും അനുഭവപ്പെട്ടു.
സംഭവബഹുലമായ ജീവിതം നയിച്ച ഹെലിന്‍ 2012-ല്‍ അന്തരിച്ചു. അതിനും പത്തുവര്‍ഷം മുന്‍പ് തന്റെ ബന്ധുവായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഗ്വേന്‍ സ്‌ട്രോസുമായി പങ്കുവച്ച വിവരങ്ങളിലൂടെയാണ് നാസിക്കാലത്ത് സ്ത്രീകള്‍ അനുഭവിച്ച ദുരന്തജീവിതവും അവരില്‍ ഒന്‍പതുപേര്‍ രക്ഷപ്പെട്ട കഥയും പുറംലോക മറിഞ്ഞത്.















