ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്നേറ്റം. ഒന്നാം സെമിഫൈനലിലെ നേട്ടം രണ്ടാം സെമിഫൈനലിലും ബിജെപിക്ക് കരുത്തു പകരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഈ വർഷം അവസാനമാണ് രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് കിട്ടുന്ന വോട്ടുകളും പിന്തുണയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളേയും സ്വാധീനിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
ഉത്തര്‍പ്രദേശില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു. 203 സീറ്റുകളില്‍ ബിജെപിയാണ് മുന്നേറുന്നത്. 101 സീറ്റുകളില്‍ എസ്പിയും അഞ്ച് സീറ്റുകളില്‍ ബിഎസ്പിയും മുന്നേറുന്നുണ്ട്. യുപിയില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് കാണാനാകുന്നത്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന റായ്ബറേലിയില്‍ ബിജെപിയും അമേഠിയില്‍ എസ്പിയുമാണ് മുന്നേറുന്നത്. ഗൊരഖ്പൂര്‍ അര്‍ബനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കര്‍ഹേനില്‍ മുന്നിലാണ്.
തിങ്കളാഴ്ച പുറത്ത് വന്ന ബഹുഭൂരിപക്ഷം സര്‍വേകളും അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിലേറുമെന്നാണ് പ്രവചിച്ചത്. ഇത് ശരി വയ്‌ക്കുന്ന രീതിയലുള്ള ഫലമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നതും. ഉത്തരാഖണ്ഡിലും ബിജെപി കേവല ഭൂരിപക്ഷം മറികടന്നിട്ടുണ്ട്. ആകെയുള്ള 70 സീറ്റുകളില്‍ ബിജെപി 42 സീറ്റിലും കോണ്‍ഗ്രസ് 19 സീറ്റിലും മുന്നേറുന്നുണ്ട്. ഗോവയില്‍ 21 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസ് 11 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും മുന്നേറുന്നുണ്ട്. മണിപ്പൂരില്‍ ബിജെപി 22 സീറ്റിലും എന്‍പിഎഫ് ആറിടത്തും കോണ്‍ഗ്രസ് 15 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിലും കോണ്‍ഗ്രസ് വലിയ തകര്‍ച്ചയാണ് നേരിടുന്നത്. 85 സീറ്റുകളിലാണ് ആം ആദ്മി മുന്നേറുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു പഞ്ചാബ്. കോണ്‍ഗ്രസിന് ഇതും കയ്യില്‍ നിന്ന് പോകുന്ന അവസ്ഥയാണ്. നിലവില്‍ 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്.
Comments