ശ്രീനഗർ : ജമ്മു കശ്മീരിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ബുദ്ഗാം സ്വദേശിയായ സമീർ അഹമ്മദ് മല്ലയുടെ മൃതദേഹം ആണ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത്. ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് വിവരം.
മൂന്ന് ദിവസം മുൻപാണ് അഹമ്മദ് മല്ലയെ കാണാതെ ആയത്. ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയായിരുന്നു മല്ലയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഖാഗ് പ്രദേശത്തു നിന്നും കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മല്ലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു.
Comments