ബംഗളൂരു: ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 100 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. രണ്ടാം ടെസ്റ്റ് 12 മുതൽ 16 വരെ ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കൊറോണ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് മുഴുവൻ കാണികളെയും പ്രവേശിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നിലെ കാരണം. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പിങ്ക് ബോളിലാണ് കളിക്കുക.
ഇന്ത്യ ശ്രീലങ്ക ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണം കണക്കിലെടുത്ത് കൂടുതൽ കാണികൾക്ക് നിയന്ത്രണങ്ങളില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. സ്റ്റേഡിയത്തിന്റെ മുഴുവൻ ശേഷിക്കും ടിക്കറ്റ് വിൽപ്പന നടത്താൻ കൗണ്ടറുകൾ തുറക്കുമെന്ന് കെഎസ്സിഎ ട്രഷറർ വിനയ് മൃത്യുഞ്ജയ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിദിനം 1250 രൂപ (ഗ്രാൻഡ് ടെറസ്), 750 രൂപ (ഇ എക്സിക്യൂട്ടീവ്), 500 രൂപ (ഡി കോർപ്പറേറ്റ്), 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് കൂടിയായ ആദ്യ മത്സരത്തിൽ മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ മാത്രമാണ് പ്രവേശിപ്പിച്ചിരുന്നത്.
Comments