ലക്‌നൗ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്ത് വന്നപ്പോൾ ബിജെപി തേരോട്ടമാണ് എങ്ങും പ്രതിഫലിക്കുന്നത്. ബിജെപിയുടെ വിജയത്തിലേക്കുള്ള ജൈത്രയാത്രയിൽ അടിവേരിളകിയത് കോൺഗ്രസ് അടക്കമുള്ള മുൻനിര പാർട്ടികൾക്കാണ്. കുപ്രചരണങ്ങളെ എല്ലാം തള്ളി ബിജെപിയിൽ വിശ്വാസമർപ്പിച്ച ജനങ്ങൾ സദ്ഭരണത്തിന് നൽകിയ സമ്മാനമായി നാല് സംസ്ഥാനങ്ങളിലേയും തുടർഭരണം. പുണ്യഭൂമികളടക്കം തൂത്തുവാരിയാണ് ബിജെപി വീണ്ടും കരുത്ത് തെളിയിച്ചത്.
രാമജന്മഭൂമിയായ അയോദ്ധ്യയിൽ സിറ്റിങ്ങ് എംഎൽഎ ആയ വേദ് പ്രകാശ് ഗുപ്തയെ വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ് അയോദ്ധ്യ നിവാസികൾ. 1,12169 വോട്ടോടെയാണ് വേദ് പ്രകാശ് വീണ്ടും അധികാരത്തിലേറിയത്. 49.11 ശതമാനം വോട്ടാണ് അദ്ദേഹം നേടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മുൻ മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ തേജ് നാരായൺ പാണ്ഡെ എന്ന പവൻ പാണ്ഡെയ്‌ക്ക് ലഭിച്ചത് 92,067 വോട്ടാണ്. ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥിയായ രവി പ്രകാശ് 17540 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്ക് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. 1986 വോട്ട് മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്ക് ലഭിച്ചത്. അയോദ്ധ്യയിൽ മത്സരിച്ച കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്കും ആംആദ്മിയ്‌ക്കും നോട്ടയേക്കാൾ കുറവ് വോട്ടുകളാണ് ലഭിച്ചതെന്ന കണക്ക് അയോദ്ധ്യയിൽ ബിജെപിയുടെ ശക്തമായ വേരോട്ടം പ്രതിഫലിപ്പിക്കുന്നു.
മഥുര ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും തൂത്തുവാരിയാണ് ബിജെപി കരുത്ത് കാട്ടിയത്. മഥുര നഗരത്തിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയും മന്ത്രിയുമായ ശ്രീകാന്ത് ശർമ 60 ശതമാനം വോട്ടകളാണ് നേടിയത്. 151729 വോട്ടുകൾ നേടിയ അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രദീപ് മാത്തൂരിനേക്കാൾ ബഹുദൂരം മുമ്പിലാണ്. പ്രദീപ് മാത്തൂരിന് 47,770 വോട്ടുകൾ മാത്രമാണ് നേടാനായത്.മഥുര ജില്ലയിലെ ഛതാമത്, ഗോവർദ്ധൻ, ബൽദേവ് നിയമസഭാ മണ്ഡലങ്ങളിലും കാവിക്കൊടി തന്നെയാണ് പാറിയത്.
പ്രധാനമന്ത്രിയുടെ ലോകസഭാ മണ്ഡലമായ വാരണാസിയിലും ഗംഭീരപ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. എട്ട് സീറ്റുകളിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് വിജയം കൈവരിച്ചത്. വാരണാസിയിലെ ബിജെപി സ്ഥാനാർത്ഥിയായ സൗരഭ് ശ്രീവാസ്തവയ്‌ക്ക് 60.63 ശതമാനം വോട്ടുകൾ നേടാനായി. 1477833 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. സമാജ് വാദി പാർട്ടിയുടെ പൂജ യാദവിന് 25 ശതമാനം വോട്ട് മാത്രമാണ് നേടാനായതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
വാരാണസി ജില്ലയിലെ ശിവപൂർ, പിണ്ഡാര, അജ്ഗാര, സിറ്റി നോർത്ത്, സിറ്റി സൗത്ത് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച അപ്നാദൾ (എസ്) സേവാപുരി, റൊഹാനിയ സീറ്റുകളിൽ വിജയിച്ചു.
Comments