ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിക്കത്ത് നൽകി. ഗവർണർ ആനന്ദിബെൻ പട്ടേലിനെ രാജ് ഭവനിൽ സന്ദർശിച്ചാണ് അദ്ദേഹംരാജിക്കത്ത് സമർപ്പിച്ചത്. ഇതോടെ ഉത്തർപ്രദേശിൽ ബിജെപിയുടെ പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങി.
ഗവർണർ യുപി മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചു. തുടർന്ന് പുതിയ സർക്കാർ രൂപീകരണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് വരെ അദ്ദേഹത്തോട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ അഭ്യർത്ഥിച്ചു.
മന്ത്രി സഭാ രൂപീകരണം അടക്കമുളള വിഷയങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് ബിജെപി ഉത്തർപ്രദേശ് അദ്ധ്യക്ഷൻ സ്വതന്ത്രദേവ് വ്യക്തമാക്കി.
ഗവർണർക്ക് രാജി സമർപ്പിക്കുന്നതിന് മുൻപും കർമ്മ നിരതനായിട്ടാണ് യോഗി കാണപ്പെട്ടത്. സ്ഥാനമൊഴിയുന്നതിന് മുൻപ് അദ്ദേഹം മന്ത്രിസഭായോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിന് ശേഷം അദ്ദേഹം സംസ്ഥാന നിയമസഭാ തിരഞ്ഞടുപ്പിൽ ബിജെപിക്ക് ഉജ്ജല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനും മാർഗനിർദ്ദേശങ്ങൾക്കും അദ്ദേഹം ഒരിക്കൽകൂടി നന്ദി പറഞ്ഞു.
Comments