ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും പ്രമേയമാകുന്ന ദി കശ്മീർ ഫയൽസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ.
സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നതെന്നും അനുപം ഖേറിന്റെ പ്രകടനം അവിസ്മരണീയമാണെന്നാണ് റിപ്പോർട്ടുകളെന്നും അക്ഷയ് കുമാർ പറഞ്ഞു. സിനിമാ തീയേറ്ററിലേക്ക് കൂട്ടത്തോടെ വീണ്ടും ജനങ്ങളെത്തുന്ന കാഴ്ചയും അതിശയകരമാണ്. സിനിമ എത്രയും വേഗം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്ഷയ് കുമാർ പ്രതികരിച്ചു.
വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് രാജ്യത്തിന്റെ വിവിധ കോണിൽ നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. നിരവധി തടസങ്ങളെ അതിജീവിച്ച് റിലീസ് ചെയ്ത ചിത്രം മികച്ച ബോക്സ് ഓഫീസ് നമ്പറാകുമെന്നാണ് വിലയിരുത്തൽ. 1990 കാലത്തെ കാശ്മീരി പണ്ഡിറ്റുകളുടെ യാതനകളാണ് ചിത്രം ധീരമായി സംസാരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നികുതി രഹിതമായാണ് കശ്മീർ ഫയൽസ് പ്രദർശനം നടത്തുന്നത്.
മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് ആയിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകൾക്ക് സംസ്ഥാനം വിടേണ്ട അവസ്ഥയുണ്ടായെന്നുമാണ് ചരിത്രം. അന്ന് കലാപം നേരിട്ട് അനുഭവിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കിയിരിക്കുന്നത്.
Comments