കോഴിക്കോട്: ജില്ലയിലെ വിവിധ പരിപാടികൾക്കിടയിൽ വെള്ളിമാടുകുന്നിലെ ജെൻഡർപാർക്കിലെത്തിയ മന്ത്രി വീണാ ജോർജ്ജ് ആൺകുട്ടികളുടെ ഹോമിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. പെട്ടെന്ന് മന്ത്രിയെ മുന്നിൽ കണ്ടപ്പോൾ ഹോമിലെ കുരുന്നുകൾ മുന്നോട്ടുവെച്ച ആവശ്യം വീണാ ജോർജ്ജ് സഫലമാക്കി.
ഹോമിനുള്ളിലെത്തിയ മന്ത്രി പരിസരവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ചു. അടുക്കളയിൽ കയറി കുട്ടികൾക്കുള്ള ഭക്ഷണവുമെല്ലാം വിലയിരുത്തി. അതിനിടയിലാണ് ചില കുട്ടികൾ ‘ഞങ്ങൾക്കൊരു ഊഞ്ഞാൽ കെട്ടിത്തരുമോ’ എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഉടൻ തന്നെ ഹോമിലെ ജീവനക്കാരോട് എത്രയും വേഗം ഊഞ്ഞാലിട്ട് കൊടുക്കാൻ നിർദേശം നൽകി. അങ്ങനെ ഹോമിന്റെ മുറ്റത്ത് ജീവനക്കാർ തന്നെ ഊഞ്ഞാലൊരുക്കി. ഊഞ്ഞാൽ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ വെള്ളിമാടുകുന്നിലെ ഹോമിൽ വസിക്കുന്ന ആൺകുട്ടികൾ.
ഹോമിലെ മുതിർന്ന കുട്ടികൾ ചെറിയൊരു ജിമ്മാണ് ആവശ്യപ്പെട്ടത്. ഹോമിൽ ചെറിയൊരു ജിം തുടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനിതശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
വെള്ളിമാടുകുന്നിലെ ജെൻഡർപാർക്കിലെ സന്ദർശനത്തിന് ശേഷമാണ് വെള്ളിമാടുകുന്നിലെ ആൺകുട്ടികളുടെ ഹോം മന്ത്രി സന്ദർശിച്ചത്. അപ്രതീക്ഷിതമായിരുന്നു മന്ത്രിയുടെ വരവ്.
Comments