ഇസ്ലാമാബാദ്: ഉരുളക്കിഴങ്ങിന്റേയും തക്കാളിയുടേയും വില പരിശോധിക്കാനല്ല താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രതിപക്ഷ പാര്‍ട്ടികള്‍ തനിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിനെതിരെയായിരുന്നു ഇമ്രാന്റെ പ്രതിഷേധം. സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പഞ്ചാബ് പ്രവിശ്യയിലെ ഹാഫിസാബാദില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇമ്രാന് ഖാന്റെ പ്രതികരണം. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊളളുമെന്നും ഇമ്രാന് ഖാന് അവകാശപ്പെട്ടു.
ഇനി തനിക്ക് അവശേഷിക്കുന്ന ഭരണ കാലയളവില്‍ പാകിസ്താന് ഏറ്റവും മികച്ച രാജ്യമായി മാറാന്‍ പോവുകയാണ്. ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ എല്ലാം ഫലം ഉടന്‍ ലഭിച്ച് തുടങ്ങുമെന്നും ഇമ്രാന് പറയുന്നു. ‘ ഉരുളക്കിഴങ്ങിന്റേയും തക്കാളിയുടേയും വില അറിയാനല്ല ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. ഈ രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. ഒരു വ്യക്തിക്ക് സ്വപ്നം കാണാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ അതിന് മുന്‍പ് തന്നെ സ്വന്തമാക്കിയിരുന്നു. പക്ഷേ രാഷ്ട്രീയത്തില്‍ വന്നത് കൊണ്ട് എനിക്ക് വ്യക്തിപരമായ യാതൊരു വിധ നേട്ടങ്ങളും ഉണ്ടായിട്ടില്ല. നമുക്ക് മികച്ച രാഷ്ട്രം ആകണം എന്നുണ്ടെങ്കില്‍ ആദ്യം സത്യത്തെ പിന്തുണയ്ക്കണം. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ പിന്തുടര്ന്ന് പോരുന്നതും അതാണെന്നും’ ഇമ്രാന് ഖാന് അവകാശപ്പെട്ടു.
Comments