കൊച്ചി: ലിഫ്റ്റ് നൽകാത്തതിന്റെ പേരിൽ പോസ്റ്റ്മാനുനേരെ മദ്യപിച്ചെത്തിയയാളുടെ പരാക്രമം. കളക്ടറേറ്റിന് സമീപം കാക്കനാട് വിഎസ്എൻഎൽ റോഡിലായിരുന്നു സംഭവം. പോസ്റ്റ്മാൻ അഭിലാഷിന് നേരെയാണ് മദ്യപിച്ചെത്തിയയാളുടെ പരാക്രമം.
വിഎസ്എൻഎൽ റോഡിന് സമീപത്തെ ഫ്‌ളാറ്റിൽ കത്തു നൽകാൻ അഭിലാഷ് സ്‌കൂട്ടറിൽ എത്തിയപ്പോഴാണ് മദ്യപിച്ചെത്തിയ മാഞ്ഞാലി സ്വദേശിയായ യുവാവ് തടഞ്ഞുനിർത്തിയത്. കാക്കനാട് ജംഗ്ഷനിൽ എത്തിക്കണമെന്നായിരുന്നു മദ്യപിച്ചെത്തിയ ആൾ ആവശ്യപ്പെട്ടത്. എന്നാൽ ജോലിയിലായതിനാൽ അഭിലാഷ് പറ്റില്ലെന്ന്് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത് അക്രമി ഭീഷണിമുഴക്കിയത്.
വണ്ടിയിൽ നിന്നും സർക്കാർ കത്തുകൾ ഉൾപ്പെടെ ഇയാൾ റോഡിലേയ്‌ക്ക് വലിച്ചെറിഞ്ഞു. ഒരുപിടി തപാൽ ഉരുപ്പടികളും ഇയാൾ നശിപ്പിച്ചു. പിന്നീട് സംഭവം കണ്ട് ഓടിയെത്തിയ ഫ്‌ളാറ്റിലെ താമസക്കാർ മദ്യപനെ പിടികൂടി പോലീസിന് കൈമാറി.















