കീവ്: അമേരിക്കൻ മാദ്ധ്യമമായ ഫോക്‌സ് ന്യൂസിന്റെ ക്യാമറാമാൻ യുക്രെയ്‌നിൽ കൊല്ലപ്പെട്ടു. പിയറി സക്രെവ്‌സ്‌കി ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന റിപ്പോർട്ടർ ബെഞ്ചമിൻ ഹാളിന് ഗുരുതരമായി പരിക്കേറ്റു. യുക്രെയ്ൻ തലസ്ഥാനമായ കീവിന് സമീപമുള്ള ഹൊറെങ്കയിൽ വെച്ചാണ് സംഭവം.
ക്യാമറാമാൻ കൊല്ലപ്പെട്ട വിവരം ഫോക്‌സ് ന്യൂസും സ്ഥിരീകരിച്ചിട്ടുണ്ട്. സിഇഒ സൂസെയ്ൻ സ്‌കോട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഞങ്ങൾക്കൊപ്പം ദീർഘനാളായി പ്രവർത്തിക്കുന്ന ക്യാമറാമാനാണ് പിയറി. ഇറാഖ് മുതൽ സിറിയ, വരെ ഫോക്‌സ് ന്യൂസിന് വേണ്ടിയുള്ള എല്ലാ അന്താരാഷ്‌ട്ര വാർത്തകളും കവർ ചെയ്ത ഒരു യുദ്ധമേഖല ഫോട്ടോഗ്രാഫറായിരുന്നു പിയറി’ സ്‌കോട്ട് പറഞ്ഞു.
ഒരു പത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിനിവേശവും കഴിവും സമാനതകളില്ലാത്തതായിരുന്നു എന്നും സ്‌കോട്ട് കൂട്ടിച്ചേർത്തു. ലണ്ടനിൽ സ്ഥിരതാമസമാക്കിയിരുന്ന പിയറി ഫെബ്രുവരി മുതൽ യുക്രെയ്‌നിൽ തന്നെയായിരുന്നു.
അതേസമയം, ഞായറാഴ്ച കീവിന് സമീപമുള്ള ഇർപിനിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ ന്യൂയോർക്ക് ടൈംസിലെ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകന്റെ പ്രസ് ഐഡിയും പാസ്പോർട്ടും ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Comments