ന്യൂഡൽഹി : 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിയെ വെല്ലുവിളിക്കാനാകും എന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസ് നന്നായി പ്രവർത്തിക്കുകയും അത് തെളിയിക്കുകയും ചെയ്താൽ 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ നിഷ്പ്രയാസം തോൽപ്പിക്കാനാകുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കാൻ സാധ്യതയുണ്ട്. അതിനായി പാർട്ടിക്ക് പുനർജന്മം നൽകേണ്ടത് അനിവാര്യമാണ്. ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും മാറണ്ട, എന്നാൽ ബാക്കിയെല്ലാം പുതിയതായിരിക്കണം എന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.
ആരാകും എല്ലാ പ്രതിപക്ഷത്തെയും ഒന്നിപ്പിക്കുക എന്ന ചോദ്യത്തിന് പ്രശാന്ത് കൃത്യമായ ഉത്തരം നൽകിയില്ല. ബിജെപിയെ തകർക്കുന്ന എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടികൾ പ്രവർത്തിച്ചാൽ അവരെ ഒന്നിപ്പിക്കാനും സാധിക്കും.
ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ പോലും പാർട്ടി വിട്ട് പോകുന്ന അവസ്ഥയാണ്. തിരിഞ്ഞ് നോക്കാനും ചെയ്ത തെറ്റുകൾ തിരുത്താനും പാർട്ടിക്ക് ലഭിച്ച സമയമാണിത്. ബിജെപിയോളം വരുന്ന രാഷ്ട്രീയപാർട്ടിയാകാൻ കോൺഗ്രസിന് താത്പര്യമുണ്ടെങ്കിൽ കഷ്ടപ്പെട്ടേ മതിയാകൂ. അതിന് ഷോർട്ട് കട്ട് ഇല്ലെന്നും കിഷോർ കൂട്ടിച്ചേർത്തു.
Comments