ബംഗളൂരു: ബിജെപി ശാശ്വതമായ പാർട്ടിയല്ലെന്നും നരേന്ദ്രമോദിക്ക് ശേഷം ഈ രാഷ്ട്രീയ ബഹളത്തിൽ അവർക്ക് പിടിച്ചുനിൽക്കാനാകില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്ലി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നേരിട്ട ദയനീയ തോൽവിയും തുടർന്നുണ്ടായ സംഭവങ്ങളോടും പ്രതികരിക്കുകയായിരുന്നു വീരപ്പ മൊയ്ലി.
കോൺഗ്രസ് എന്നെന്നും നിലനിൽക്കുന്ന പാർട്ടിയാണ് ജനങ്ങളുടെ മനസിൽ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രാപ്തമാക്കുന്ന തലത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ നിലപാടും സമീപനവും മാറ്റണമെന്നും വീരപ്പ മൊയ്ലി പറഞ്ഞു. ജി 23 നേതാക്കൾ സോണിയാഗാന്ധിയെ ലക്ഷ്യം വെയ്ക്കുകയാണ്. അവർ പാർട്ടിയെ ദുർബ്ബലപ്പെടുത്തും.
കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം വിമത ഗ്രൂപ്പായ ജി 23 നേതാക്കൾ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ യോഗം ചേരുകയും കോൺഗ്രസ് നേതൃത്വവുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അഞ്ച് സംസ്ഥാനങ്ങളിലെയും പാർട്ടി അദ്ധ്യക്ഷൻമാരെ സോണിയാഗാന്ധി പുറത്താക്കുകയും ചെയ്തിരുന്നു. ജി 23 യിൽപെട്ട നിരവധി നേതാക്കളും നേതൃത്വത്തിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു.
അധികാരത്തിലില്ലെന്ന് കരുതി പാർട്ടി പ്രവർത്തകരും നേതാക്കളും പരിഭ്രാന്തരാകരുതെന്ന് വീരപ്പ മൊയ്ലി പറഞ്ഞു. ബിജെപിയും മറ്റ് പാർട്ടികളുമൊക്കെ താൽക്കാലിക സഞ്ചാരികളാണ്. വരും പോകും. കോൺഗ്രസ് മാത്രമായിരിക്കും ഇവിടെ അവശേഷിക്കുകയെന്നും മൊയ്ലി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വീരപ്പ മൊയ്ലിയുടെ വാക്കുകൾ.
Comments