ന്യൂഡൽഹി : കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിയെ സന്ദർശിച്ച് ജി 23 നേതാവ് ഗുലാം നബി ആസാദ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വിമത നേതാക്കളുടെ സംഘമായ ജി 23 ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. നേതാക്കളെ അനുനയിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സോണിയ കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളിയതെന്നാണ് വിവരം.
പാർട്ടി അദ്ധ്യക്ഷയുമായി സാധാരണ ചർച്ചയാണ് നടന്നത് എന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു. അടുത്ത തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ എങ്ങനെ മുൻനിരയിൽ എത്തിക്കാമെന്നും എങ്ങനെ വീണ്ടും ഭരണം പിടിച്ചെടുക്കാമെന്നും സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച ചെയ്തത്. നേതൃത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും സോണിയ ഗാന്ധിയോട് രാജിവെക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ആസാദ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പാർട്ടിയെ ഇല്ലാതാക്കിയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു. യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു എന്നാണ് വിവരം. ഇതിന് പിന്നാലെ ജി 23 നേതാക്കളിൽ പ്രമുഖനായ കപിൽ സിബലും നേതൃത്വത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
പാർട്ടിയെ ഒരു കുടുംബത്തിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നത് കാരണമാണ് കോൺഗ്രസ് തകർന്നടിയുന്നത് എന്നാണ് അദ്ദേഹം ആരോപിച്ചത്. ഗാന്ധി കുടുംബം പാർട്ടി നേതൃത്വത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ ഗാന്ധിക്ക് പാർട്ടിയിലെ നിർണായക തീരുമാനങ്ങൾ സ്വീകരിക്കാൻ എന്ത് അധികാരമാണ് ഉള്ളത് എന്നും ചോദിച്ചിരുന്നു.
ഇതിന് പിന്നാലെ തുടർച്ചയായി രണ്ട് ദിവസമാണ് ജി 23 നേതാക്കൾ യോഗം ചേർന്നത്. മുതിർന്ന നേതാക്കളായ കപിൽ സിബൽ, ഭൂപേന്ദർ ഹൂഡ, ജനാർദൻ ത്രിവേദി, ആനന്ദ് ശർമ്മ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിന്റെ പ്രവർത്തന ശൈലി മാറ്റണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുൽ ഗാന്ധിയെന്നുമുള്ള വിമർശനവും യോഗത്തിൽ ഉയർന്നിരുന്നു.
Comments