ഇംഫാൽ : ഉത്തർപ്രദേശിൽ യോഗിക്കെന്ന പോലെ മണിപ്പൂരിൽ എൻ ബിരേൻ സിംഗിനും ഇത് രണ്ടാമൂഴം. ബിരേൻ സിംഗിനെ മണിപ്പൂർ മുഖ്യമന്ത്രിയാക്കാൻ ബിജെപി ഐക്യകണ്ഠേന തീരുമാനിച്ചു. ഇംഫാലിൽ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.
കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ, കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജു, ബിജെപി മുതിർന്ന നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. തിരഞ്ഞെടുപ്പിൽ ഭൂരിക്ഷം ലഭിച്ചതിന് പിന്നാലെ ഈ മാസം 15 ന് ബിരേൻ സിംഗ്, എംഎൽഎ ടിഎച്ച് ബിശ്വജിത്ത് സിംഗ് എന്നിവർ മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ എ. ശാരദാ ദേവിയ്‌ക്കൊപ്പം ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോയിരുന്നു. പാർട്ടി എന്ത് തീരുമാനിച്ചാലും അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നായിരുന്നു ബിരേനിന്റെ പ്രതികരണം. ഒരിക്കൽ കൂടി മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
ഒരിക്കൽ കൂടി തന്നിൽ വിശ്വാസം അർപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്‌ക്കും നന്ദി പറയുന്നുവെന്ന് ബിരേൻ സിംഗ് പറഞ്ഞു. മണിപ്പൂരിൽ ബിജെപിയെ തുടർഭരണത്തിലേക്ക് നയിച്ച എല്ലാ കാര്യകർത്താക്കൾക്കും നന്ദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിരേൻ സിംഗിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പാർട്ടി പ്രവർത്തകർ ഐക്യകണ്ഠേനയാണ് തീരുമാനിച്ചത് എന്ന് യോഗത്തിന് ശേഷം നിർമ്മലാ സീതാരാമൻ പ്രതികരിച്ചു. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ഥിരമാർന്നതും, ഉത്തരവാദിത്വവുമുള്ള ഒരു സർക്കാരായി തുടരുമെന്ന് ഉറപ്പ് നൽകുന്നുവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. 60 അംഗ നിയമസഭയിൽ 32 സീറ്റുകൾ നേടിയാണ് മണിപ്പൂരിൽ ബിജെപി തുടർഭരണം പിടിച്ചത്.
Comments