കൊളംബോ: നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം തേടാനൊരുങ്ങി ശ്രീലങ്ക. ധനമന്ത്രി ബേസിൽ രജപക്സെ അടുത്ത മാസം വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടെ ഐഎംഎഫുമായി ബന്ധപ്പെടുമെന്നാണ് സൂചന.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രജപക്സെ കൊളംബോയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം യോഗം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഐഎംഎഫിനെ സമീപിക്കാനുള്ള തീരുമാനം കൈക്കൊണ്ടതായും ഇതിനായി ഉദ്യാഗസ്ഥർക്ക് അനുമതി നൽകിയതായും ശ്രീലങ്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.
ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയും നിലവിലെ സാമ്പത്തിക പ്രതിസന്ധിയും ഇതിനോടകം ഐഎംഎഫ് വിശകലനം ചെയ്തതാണ്. ഇത് സംബന്ധിച്ച സ്റ്റാഫ് റിപ്പോർട്ട് ഐഎംഎഫിന്റെ കടംകൊടുക്കൽ ബോർഡിന് കൈമാറി. സ്റ്റാഫ് റിപ്പോർട്ട് പൂർണമായും പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ നിലവിലെ കടം ശ്രീലങ്കയ്ക്ക് താങ്ങാനാകാത്തതാണെന്ന് ഉൾപ്പെടെയുള്ള ചില പ്രധാന നിഗമനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടെത്തിയിട്ടില്ലെങ്കിൽ ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥ തകർന്ന് തരിപ്പണമാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ഇന്ധന-വാതക ദൗർലഭ്യം, പ്രതിദിനം വൈദ്യുതി വിച്ഛേദിക്കൽ തുടങ്ങിയ ഘട്ടത്തിലൂടെയാണ് ശ്രീലങ്ക നിലവിൽ കടന്നുപോകുന്നത്. പ്രധാന അന്താരാഷ്ട്ര കറൻസികൾക്കെതിരെ ശ്രീലങ്കൻ കറൻസി കൂപ്പുകുത്തിയതിന് പിന്നാലെയാണിത്.
Comments