പണ്ട് സ്കൂളിൽ പഠിച്ച ബാർട്ടർ സിസ്റ്റം എന്താണെന്ന് ഓർമ്മയുണ്ടോ? പണം നിലവിൽ വരുന്നതിന് മുൻപ് ആളുകൾ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിച്ച ഒരു സമ്പ്രദായമാണ് ബാർട്ടർ സിസ്റ്റം. നമ്മുടെ കൈയിൽ എന്താണോ ആവശ്യത്തിലധികം ഉള്ളത്, അത് കൊടുത്താൽ പകരം നമുക്ക് ഏറ്റവും ആവശ്യമായ വസ്തു തിരികെ ലഭിക്കും. ഇതാണ് ബാർട്ടർ സംവിധാനം. ഈ സമ്പ്രദായം ഇന്നും ചിലയിടത്ത് നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ബാർട്ടർ സിസ്റ്റത്തിന്റെ കൗതുകകരമായ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.
ഫുഡ് വ്ളോഗറായ വിശാലാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പഞ്ഞിമിഠായി കച്ചവടം ചെയ്യുന്നയാളാണ് വീഡിയോയിലെ താരം. എന്താണ് ഇതിൽ ഇത്രമാത്രം പ്രത്യേകയുള്ളതെന്ന് ചോദിക്കാൻ വരട്ടെ, ഇയാൾ മിഠായി വിൽക്കുമ്പോൾ പണത്തിന് പകരം ഈടാക്കുന്ന സാധനമാണ് പഞ്ഞിമിഠായിക്കച്ചവടക്കാരനെ വൈറലാക്കിയത്. മിഠായി നൽകുമ്പോൾ പകരമായി മനുഷ്യന്റെ മുടിയാണ് ഇയാൾ കുട്ടികളിൽ നിന്നും വാങ്ങുന്നത്.
ആളുകൾ കൊണ്ടുവരുന്ന മുടിയുടെ അളവിന് അനുസരിച്ചാണ് പഞ്ഞിമിഠായി നൽകുന്നത്. മുറിച്ചെടുത്ത മുടിയുമായി കുട്ടികൾ മിഠായി വാങ്ങാൻ ക്യൂ നിൽക്കുന്നതും, പ്രതാപ് സിംഗ് എന്ന കച്ചവടക്കാരൻ അത് വാങ്ങി അവർക്ക് മിഠായി നൽകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
എന്ത്? മുടിയോ? അതുകൊണ്ട് ഇയാൾക്ക് എന്താണ് പ്രയോജനമെന്നാണോ ചിന്തിക്കുന്നത്. പ്രയോജനമുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന മുടി വിഗ് നിർമാണ യൂണിറ്റുകൾക്കാണ് ഇയാൾ വിൽക്കുന്നത്. ഒരു കിലോ മുടി 3,000 രൂപയ്ക്കാണ് വിൽക്കുന്നതെന്നാണ് ഇയാൾ പറയുന്നത്. അഞ്ച് വർഷത്തോളമായി താൻ ഇത്തരത്തിൽ മിഠായി വിൽക്കുന്നുവെന്നും കച്ചവടക്കാരൻ പറയുന്നു.















