തിരുവനന്തപുരം: ആഗോളതലത്തിൽ പ്രകൃതിയെക്കുറിച്ച് ഏറെ ആകുലപ്പെടുന്നത് പരിഹരിക്കാൻ പുതുതലമുറയിലേക്ക് പരിസ്ഥിതി വിജ്ഞാനം ചെറുപ്രായത്തിൽ കടത്തിവിടണമെന്ന് എക്‌സൈസ് കമ്മീഷണർ ഡിജിപി അനന്തകൃഷ്ണൻ ഐ.പി.എസ്. കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ പര്യാവരൺ സംരക്ഷണ സമിതി സംഘടിപ്പിച്ച ചടങ്ങിൽ വനം-ജലദിന പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി വിജ്ഞാനാധിഷ്ഠിതമാകണം വിദ്യാഭ്യാസം. പരിസ്ഥിതി അവബോധം വളർത്തിയെടുക്കുവാൻ ഉതകുന്ന വിദ്യാഭ്യാസത്തിലൂടെയാണ് പ്രകൃതിദുരന്തങ്ങൾക്ക് പരിഹാരം കാണേണ്ടത്. പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണം. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിൽ കൊണ്ടുവരുവാൻ വിദ്യാഭ്യാസ രംഗത്തുള്ളവർ കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജലനിധി മുൻ ഡയറക്ടർ ഡോ.സുഭാഷ് ചന്ദ്രബോസ് കുട്ടികൾക്ക് പ്രാണജലത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസ് എടുത്തു. വൃക്ഷാദരം,വൃക്ഷപൂജ എന്നിവയ്‌ക്കുശേഷം ചിന്മയ വിദ്യാലയ വളപ്പിൽ തേന്മാവ് നട്ടുകൊണ്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രമുഖ വ്യക്തികൾക്കൊപ്പം പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ എൻ .ആർ . ബീനയുടെ . അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാവാലം സ്‌കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കാവാലം സജീവ് പ്രകൃതി ഗാനാലാപനം നടത്തി. മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ രാജൻ പൊതുവാളിനെ ചടങ്ങിൽ അനുമോദിച്ചു. ചിന്മയ മിഷൻ ചീഫ് സേവക് ആർ. സുരേഷ് മോഹൻ പര്യാവരൺ സംരക്ഷണ സമിതി വിദ്യാഭ്യാസ വിഭാഗം കോർഡിനേറ്റർ സേതുനാഥ് മലയാലപ്പുഴ , പി. രാജശേഖരൻ , അജിത് കുമാർ, രാജേഷ് സുദർശനൻ, പ്രേമിനി ടീച്ചർഎന്നിവർ സംസാരിച്ചു.















