തൃശ്ശൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടുകാരാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. ചേർപ്പ് സ്വദേശി ബാബു ആണ് കൊല്ലപ്പെട്ടത്.
കേസിൽ ബാബുവിന്റെ അനുജൻ സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാബുവിന്റെ അമ്മ നിലവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പുറത്തിറങ്ങിയ ശേഷം അമ്മയെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും.
സഹോദരങ്ങൾ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. കൊലപാതക ദിവസം ബാബു വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. തുടർന്നുണ്ടായ അടിപിടിയിൽ സാബു ചേട്ടൻ ബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീടിന്റെ തൊട്ടടുള്ള പാടത്തെ ബണ്ടിൽ മൃതദേഹം കുഴിച്ചിട്ടു. ഇതിന് ശേഷവും അസാധാരണമായ യാതൊരു സ്വഭാവ മാറ്റവും സാബുവിന് ഉണ്ടായില്ല. പിന്നീട് ചേട്ടനെ കാണ്മാനില്ലെന്ന് നാട്ടുകാരോടെല്ലാം പറഞ്ഞ് പരത്തി. ഏകദേശം ഏഴ് ദിവസം ഇതേ നിലയിൽ ചേട്ടനെ അന്വേഷിച്ചു എന്ന് നാട്ടുകാർ പറയുന്നു.
കൊല നടത്തിയ ശേഷം 300 മീറ്ററോളം അകലെയാണ് മൃതദേഹം മറവ് ചെയ്തത്. ഇതിനായി മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ്. പ്രദേശവാസി പശുവിനെ പുല്ല് തീറ്റിക്കാൻ പോയപ്പോഴാണ് ബണ്ടിന് സമീപം തെരുവ് നായ്‌ക്കൾ കുഴിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അതിന് ശേഷം ദുർഗന്ധം പരന്നതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
ബാബുവിന്റെ കൈയിൽ പച്ചകുത്തിയത് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചു. പോലീസ് എത്തി മൃതദേഹം പുറത്തെടുക്കുമ്പോൾ പ്രതി സമീപത്ത് നിന്നും മുഖം പൊത്തികരഞ്ഞുവെന്നും നാട്ടുകാർ പറയുന്നു.
Comments