ബെയ്ജിംഗ് : സ്വന്തമായി നിർമ്മിച്ച ഹെലികോപ്റ്റർ പറത്താൻ ശ്രമിച്ച ആളിനെ പോലീസ് പിടികൂടി . ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം. ബോട്ട് എഞ്ചിൻ ഉപയോഗിച്ച് നിർമ്മിച്ച ഹെലികോപ്റ്റർ പരീക്ഷിക്കാനായിരുന്നു ശ്രമം.
എൻജിനീയറിങ് വൈദഗ്ധ്യമോ പൈലറ്റ് ലൈസൻസോ ഇല്ലാത്ത അമേച്വർ എയർക്രാഫ്റ്റ് നിർമ്മാതാവായ ചെൻ റുയിഹുവ (59)യെയാണ് റോഡരികിൽ പരീക്ഷണം നടത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയത് . ഹെലി കോപ്റ്റർ പരീക്ഷിക്കുന്നതിൽ നിന്ന് തടഞ്ഞതായി ലോക്കൽ പോലീസ് വാർത്താക്കുറിപ്പിലും അറിയിച്ചു.
പരീക്ഷണ പറക്കലിൽ താനുൾപ്പെടെ രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാഴ്ചക്കാരെ ആരെയും അനുവദിച്ചില്ല, എന്നൊക്കെയാണ് പോലീസ് ചോദ്യം ചെയ്തപ്പോൾ ചെൻ പറഞ്ഞത്
മൂന്ന് വർഷം മുമ്പ് ഒരു ഹോബിയായാണ് ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ തുടങ്ങിയത് . ആദ്യ നിർമ്മാണങ്ങൾ പറക്കുന്നതിൽ പരാജയപ്പെട്ടിരുന്നു . ഇത് മൂന്നാമത്തെ ശ്രമമാണ് . ഏറ്റവും പുതിയ ഹെലികോപ്റ്ററിന് നൂറു മീറ്റർ പറക്കാൻ കഴിയുമെന്നും മടക്കാവുന്ന ഫ്യൂസ്ലേജുണ്ടെന്നും ചെൻ അവകാശപ്പെട്ടു.
ഇൻറർനെറ്റിലെ വീഡിയോകൾ കണ്ടാണ് ഹെലികോപ്റ്റർ നിർമിക്കുന്നതെങ്ങനെയെന്ന് താൻ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ ഒരു വർഷത്തോളം ഈ ഹെലികോപ്റ്ററിനായി ചെലവിട്ടു . ഇതുവരെ, ഏകദേശം 200,000 യുവാൻ (US$31,250) ഇതിനായി ഞാൻ ചെലവഴിച്ചു,” അദ്ദേഹം പറഞ്ഞു.
ഓൺലൈനിൽ നിന്നും , ഹാർഡ്വെയർ സ്റ്റോറുകളിൽ നിന്നും വാങ്ങിയ ചില ഭാഗങ്ങൾ, മോട്ടോർ ബോട്ട് എഞ്ചിൻ എന്നിവ ഉപയോഗിച്ചാണ് ഈ ഏറ്റവും പുതിയ മോഡൽ നിർമ്മിച്ചത് . കേവലം വിനോദത്തിനോ ഉല്ലാസത്തിനോ വേണ്ടിയല്ല താൻ ഹെലികോപ്റ്റർ നിർമിച്ചതെന്നും കൃഷി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ചെൻ അവകാശപ്പെടുന്നു.
ഇത് ഒരു ഡ്രോണായി മാറ്റി കൃഷിയിടങ്ങളിൽ കീടനാശിനികൾ തളിക്കുന്നതിനുള്ള ഒരു കാർഷിക യന്ത്രമായി ഉപയോഗിക്കുകയും ചെയ്യാം, – ചെൻ പറഞ്ഞു. എന്നാൽ, ഹെലികോപ്റ്റർ പരീക്ഷണം പോലീസ് തടഞ്ഞതോടെ ഇതൊന്നും ചെയ്യാനായില്ല
Comments