ദിവസം മുഴുവൻ വയലുകളിലും അപകടം നിറഞ്ഞ ഖനിയിലും എല്ല് മുറിയെ പണിയെടുപ്പിക്കും. വിശന്ന് വലയുമ്പോൾ കഴിക്കാൻ കൊടുക്കുന്നത് അരിയും ഉപ്പും മാത്രം. പട്ടിണി കിടന്ന് ആളുകൾ മരിച്ചുവീഴുമ്പോൾ ആരും അറിയാതെ കുഴിച്ചിടും. സ്ത്രീകളെ നഗ്‌നരാക്കി ദേഹപരിശോധനയും മൃഗീയ പീഡനവും…. ഭൂമിയിലെ ഏക നരകമെന്ന് കുപ്രസിദ്ധി നേടിയ ഉത്തരകൊറിയൻ ജയിലുകളിലെ കൊടും ക്രൂരതകളിൽ ചിലത് മാത്രമാണിത്. കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോൺ ഉന്നിനെ ഇഷ്ടപ്പെടാത്തവരും രാജ്യത്തിന് നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവരുമാണ് ഈ ക്രൂരതകൾ അനുഭവിക്കേണ്ടി വരിക. ഒറ്റയടിച്ച് കൊല്ലാതെ, മാസങ്ങൾ എടുത്ത് പരമാവധി വേദന അനുഭവിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് ഇവിടുത്തെ രീതി.
എന്നും നിഗൂഢതകൾ നിറഞ്ഞ ഒരു രാജ്യമായിരുന്നു ഉത്തരകൊറിയ. ഒരു ഏകാധിപതിയുടെ കീഴിൽ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിതം മനസ്സിലാക്കാൻ ഇന്നും ലോകത്തിന് കഴിഞ്ഞിട്ടില്ല. ഭരണകൂടത്തിനെതിരെ എന്തെങ്കിലും സംസാരിക്കുകയോ കിം ജോൺ ഉന്നിനെ പരിഹസിക്കുകയോ ചെയ്താൽ പിന്നെ അയാൾ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുകയായിരിക്കും എന്നാണ് ഉത്തര കൊറിയൻ ഭരണത്തെപ്പറ്റി പൊതുവേയുള്ള ചൊല്ല്.
ചൈനീസ് അതിർത്തിക്കടുത്തുളള ഒൺസോങ് ഡിറ്റൻഷൻ സെന്ററിലാണ് കടുത്ത കുറ്റം ചെയ്തവരെ പാർപ്പിക്കുന്നത്. ഇവിടെ അകപ്പെട്ടാൽ പിന്നെ പുറത്ത് വരുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ല. കുറ്റം ചെയ്തവരെ ദിവസം മുഴുവൻ മുട്ടുകുത്തിയോ സാങ്കൽപ്പിക കസേരയിലോ ഇരുത്തും. കാല് വേദനിക്കുന്നെന്ന് പറഞ്ഞാൽ താക്കോൽ പോലെ ഭാരമുളള വസ്തുക്കൾ ഉപയോഗിച്ച് പോലീസ് ഗാർഡുകൾ മർദ്ദിക്കും. ശരീരം നീല നിറം ആകുന്നത് വരെ മർദ്ദനം തുടരും. ശേഷം മതിയാക്കും. അടുത്ത ദിവസം ഇത് വീണ്ടും ആവർക്കിക്കും.
ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ യോഡോക് തടങ്കൽപ്പാളയത്തിൽ 10 വർഷത്തോളം കഴിഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ട് ദക്ഷിണ കൊറിയയിൽ എത്തിയ കാങ് ചോൽ-ഹ്വാൻ എന്നയാളിലൂടെയാണ് ഈ ദുതിരങ്ങൾ ലോകം അറിഞ്ഞത്. തന്റെ അനുഭവങ്ങൾ എല്ലാം കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം ‘ദി അക്വേറിയംസ് ഓഫ് പ്യോംങ്യാംഗ്’ എന്ന പുസ്തകം എഴുതി. അതോടെ തടങ്കൽ പാളയത്തിലെ ആളുകളുടെ നിസ്സഹായാവസ്ഥവും, ദുരിതങ്ങളും ലോകം അറിയാൻ തുടങ്ങി. കാങ്ങിന് ഒൻപത് വയസ്സുള്ളപ്പോൾ, ഉത്തരകൊറിയൻ സർക്കാർ അദ്ദേഹത്തിന്റെ മുത്തച്ഛനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. എന്നിട്ട് കുടുംബത്തെ ഉത്തര കൊറിയയിലെ ഏറ്റവും കുപ്രസിദ്ധ തടങ്കൽപ്പാളയമായ യോഡോക്കിലേക്ക് അയച്ചു.
ഹിറ്റ്‌ലറുടെ നാസിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും ഒരു പതിപ്പു തന്നെയായിരുന്നു ഉത്തര കൊറിയൻ ഭരണകൂടവും എന്നാണ് കാങ് പറഞ്ഞത്. പകലന്തിയോളം പണിയെടുക്കുന്നയാളുകൾക്ക് ഭക്ഷണം ഒന്നും നൽകാറില്ല. ആഹാരം കിട്ടാതെ അലഞ്ഞ ഡയിൽ പുള്ളികൾ എലികളേയും പുഴുക്കളേയും പിടിച്ച് തിന്നാൽ ആരംഭിച്ചു. ഭക്ഷണം കിട്ടാതെയാണ് മിക്കവും ജയിലിൽ മരിച്ചു വീണത്. ക്യാമ്പിനുള്ളിലെ ആളുകൾക്ക് മാരക രോഗം ബാധിച്ചാൽ പോലും ഇവരെ ആശുപത്രിയിൽ എത്തിക്കാറില്ല. ഗാർഡുകളുടെ സുരക്ഷയ്‌ക്ക് പ്രശ്നം വന്നാൽ മാത്രമേ ഡോക്ടർമാർ എത്തുകയുള്ളൂ.
സ്ത്രീകളെ പൂർണ നഗ്‌നരാക്കി നിർത്തി ദേഹപരിശോധന നടത്തുന്നതും പുരുഷഗാർഡുകളുടെ സ്ഥിരം പ്രവൃത്തിയാണ്. സ്ത്രീകളുടെ ജനനേന്ദ്രീയത്തിനുള്ളിൽ വരെ ഇവർ പരിശോധിക്കും. ഒരു മൂളൽ കൊണ്ട് പോലും എതിർപ്പ് പ്രകടിപ്പിക്കാൻ പാടില്ലു. ഇവരെ ദിവസേന ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്യാറുണ്ട്. ഗർഭിണികളാകുന്ന സ്ത്രീകളെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിക്കും. ഏഴും എട്ടും മാസം ഗർഭിണികളായ യുവതികളേയും മറ്റുമാണ് ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുക.
ഓരോ മാസവും ഒന്നോ രണ്ടോ വധശിക്ഷകൾ പരസ്യമായി നടപ്പിലാക്കുക ജയിലിലെ രീതിയാണ്. ആയിരക്കണക്കിന് തടവ് പുള്ളികളെക്കൊണ്ട് കല്ലെറിയിച്ചാണ് കൊല്ലുന്നത്. കല്ലെറിയാൻ വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തും ഉപദ്രവിക്കും. പിഞ്ചു കുഞ്ഞുങ്ങളെ പോലും കിമ്മിന്റെ പോലീസ് വെറുതെ വിടാറില്ല.
ഇങ്ങനെ ഉത്തര കൊറിയൻ ജയിലുകളെപ്പറ്റി കഥകൾ ഏറെയാണ്. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഐക്യരാഷ്‌ട്ര സഭ ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര സംഘടനങ്ങൾ പലതവണ പ്രമേയം പാസാക്കിയെങ്കിലും ഒരുകാര്യവുമുണ്ടായില്ല. ക്രൂരകൾ അവസാനിക്കുന്നതിന് പകരം കൂടുകയാണ് ചെയ്തത്. എന്നാൽ തങ്ങളുടെ രാജ്യത്തെ തടവറകളിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഒന്നും നടക്കുന്നില്ലെന്നും ഇതെല്ലാം കെട്ടുകഥകളാണെന്നുമാണ് കിം ജോൺ ഉന്നിന്റെ വാദം.














