ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയിൽ ഉണ്ടായ സ്ഫോടനത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തി. അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാർമൽ കോളേജിന് സമീപമുള്ള വഴിയിൽ വൈകിട്ട് നാലരയോടെയാണ് ശബ്ദം കേട്ടത്. ചിക്ക്ബെല്ലാപൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷാ.
ശബ്ദം കേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഷായുടെ സംരക്ഷണ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം പോലീസുകാരും സ്നിഫർ നായ്ക്കളും പ്രദേശം പരിശോധിച്ചു. തുടർന്നാണ് ഭൂഗർഭ വൈദ്യുത കേബിളുകളിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത കേന്ദ്രമന്ത്രിമാരും സഞ്ചരിക്കുന്ന വഴികൾ സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കാറുണ്ട്. ഈ വഴിയിൽ ഇത്തരത്തിലുള്ള അപായ സൂചനകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ പെട്ടെന്നുണ്ടായ സ്ഫോടനം ഏവരെയും ഭീതിയിലാഴ്ത്തിയിരുന്നു.
Comments