വസന്തക്കാലം ആരംഭിച്ചതോടെ ജമ്മു കശ്മീരിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. ശ്രീനഗറിലെ പ്രശസ്തമായ പൂന്തോട്ടങ്ങൾ കഴിഞ്ഞ മാസം വീണ്ടും തുറന്നതുമുതൽ വിനോദസഞ്ചാരികളുടെ വരവ് കുത്തനെ ഉയർന്നതായി ടൂറിസം വകുപ്പ് അറിയിച്ചു.
കശ്മീരിലെ ടൂറിസം വ്യവസായം വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് റിപ്പോർട്ട്. 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയത് ഈ വർഷത്തെ വസന്ത കാലത്താണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 1,62,664 ആഭ്യന്തര യാത്രക്കാരും 490 വിദേശികളും കശ്മീർ താഴ്വര സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022ലെ ആദ്യ മൂന്ന് മാസങ്ങളിൽ, ഗുൽമാർഗ്, സോനാമാർഗ്, പഹൽഗാം എന്നിവിടങ്ങളിൽ മഞ്ഞ് ആസ്വദിക്കാൻ 3 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കശ്മീരിലെത്തി. ശ്രീനഗറിലെ സബർവാൻ ശ്രേണിയുടെ താഴ്വരയിലുള്ള തുലിപ് ഗാർഡൻ തുറന്ന് 10 ദിവസത്തിനുള്ളിൽ 2 ലക്ഷം സന്ദർശകരെ ലഭിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ മാത്രം 1.42 ലക്ഷം വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. നിലവിൽ 80-90 ശതമാനം ഹൈ-എൻഡ് ഹോട്ടലുകളും ശ്രീനഗറിൽ ഉണ്ടെന്ന് കശ്മീർ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുൾ വാഹിദ് മാലിക് പറഞ്ഞു.
വിനോദസഞ്ചാരികളുടെ പ്രവാഹത്തിനിടയിൽ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളം റെക്കോർഡ് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്തു. ശ്രീനഗർ വിമാനത്താവളം മാർച്ച് 28ന് 90 ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ഫ്ലൈറ്റുകൾ നടത്തി. 15,014-ലധികം സന്ദർശകരെ ഇവിടെ എത്തി. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരാണ് എത്തിയത്.
കഴിഞ്ഞ മാസം ഇന്ത്യയിൽ പതിവ് അന്താരാഷ്ട്ര ഫ്ലൈറ്റുകൾ പുനരാരംഭിച്ചതിനെത്തുടർന്ന്, വരും ദിവസങ്ങളിൽ വിദേശ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിക്കുമെന്ന് ടൂറിസം മേഖലയിലുളളവർ കണക്ക്കൂട്ടുന്നു. ജമ്മു കശ്മീർ സർക്കാർ വിനോദസഞ്ചാരത്തിന് മുൻഗണന നൽകിയതിനാൽ, വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇന്ത്യയിലുടനീളം പരസ്യ കാമ്പെയ്നുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ടൂറിസം ആൻഡ് കൾച്ചർ സെക്രട്ടറി സർമദ് ഹഫീസ് പറഞ്ഞു. മേഖലയിലെ അധികം അറിയപ്പെടാത്ത 75 സ്ഥലങ്ങൾ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങൾ ഭാവിയിൽ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുകയാണ് ലക്ഷ്യം.
Comments