അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് ഗുജറാത്തിലെ ബിജെപി ആഭ്യന്തരമന്ത്രി ഹർഷ് സാങ്വി. സൂറത്തിലെ ഉംറ പാലത്തിൽ നിന്നും താപി നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയുടെ ജീവനാണ് മന്ത്രിയുടെ ഇടപെടലിലൂടെ രക്ഷപെട്ടത്. ഏപ്രിൽ രണ്ടിന് രാത്രിയാണ് സംഭവം നടക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ജന്മനാടായ സൂറത്തിലുണ്ടായിരുന്ന സാങ്വി ഉംറ പാലം വഴിയുള്ള യാത്രയ്ക്കിടെയാണ് പ്രദേശത്തെ ആൾക്കൂട്ടം ശ്രദ്ധിക്കുന്നത്. തുടർന്ന് വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും നാട്ടുകാർ പിന്തിരിപ്പിക്കുകയാണെന്നും മനസിലായി. പിന്നാലെ മന്ത്രി യുവതിയുടെ അടുത്ത് എത്തുകയും കാര്യങ്ങൾ സംയമനത്തോടെ ചോദിച്ചറിയുകയും ചെയ്തു.
સુરત: હર્ષ સંઘવીએ યુવતીને આપઘાત કરતા બચાવી
રસ્તામાંથી પસાર થતા સમયે કાફલો રોકી યુવતીને 5 મિનિટ સમજાવી
પાલ ઉમરા બ્રિજની પરથી આપઘાત કરવા જતી હતી યુવતી@sanghaviharsh @GujaratPolice
— Siddharth Dholakia (@SidDholakia) April 2, 2022
യുവതിയുടെ വാക്കുകൾ താത്പര്യത്തോടെ കേട്ട ഹർഷ് സാങ്വി അവൾക്ക് ചില നിർദ്ദേശങ്ങളും നൽകി. ഇത് മനസിലായ യുവതി ആത്മഹത്യയിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന യുവതിയെ കണ്ട നാട്ടുകാർ അവിടേയ്ക്ക് ഓടിയെത്തിയെങ്കിലും അവരുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങിയിരുന്നില്ല. മന്ത്രിയുടെ ഇടപെടലാണ് യുവതിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നതെന്ന് നാട്ടുകാർ പറയുന്നു.
അഡാജൻ ഏരിയയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു ഹർഷ് സാങ്വി. എന്നാൽ പരിപാടി സാങ്വി മാറ്റിവെച്ചു. ജീവിതത്തിന്റേയും ജീവന്റേയും പ്രാധാന്യത്തെ കുറിച്ചാണ് മന്ത്രി യുവതിയോട് വിശദീകരിച്ചത്. കുടുംബ പ്രശ്നമാണ് യുവതി ആത്മഹത്യ ചെയ്യാൻ കാരണം. ആത്മഹത്യയിൽ നിന്നും പിന്മാറിയെങ്കിലും യുവതി വീട്ടിൽ പോകാൻ തയ്യാറായിരുന്നില്ല. പിന്നീട് പോലീസ് സ്റ്റേഷനിലേക്കാണ് യുവതിയെ അയച്ചത്.
Comments