കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ കയ്യിൽ പൊള്ളലേൽപ്പിച്ചതായി പരാതി. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി അഹല്യ കൃഷ്ണയാണ് (20) പരാതി നൽകിയത്. കയ്യിൽ നിർബന്ധിച്ച് കർപ്പൂരം കത്തിച്ചുവെന്നാണ് പരാതി.
മറ്റൊരു ട്രാൻസ്ജെൻഡർ യുവതിയാണ് തന്നെ പൊള്ളലേൽപ്പിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഡിസംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് അമ്പാടി വീട്ടിൽ അഹല്യയെ സുഹൃത്തായ അർപ്പിത പൊള്ളലേൽപ്പിക്കുകയായിരുന്നു. കാക്കനാട് ഫ്ളാറ്റിലെത്തിച്ചായിരുന്നു ആക്രമണം. ബാധയൊഴിപ്പിക്കാനെന്ന പേരിലാണ് ഇത് ചെയ്തതെന്നും അഹല്യ പരാതിയിൽ പറയുന്നു.
പൊള്ളലേറ്റ് ചികിത്സയിലായിരുന്നതിനാലാണ് പരാതി നൽകാൻ താമസിച്ചത്. സംഭവ ദിവസം മറ്റ് സുഹൃത്തുക്കൾ ഫ്ളാറ്റിലുണ്ടായിരുന്നു. ആരോപണ വിധേയയായ അർപ്പിതയെ സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് അഹല്യ പരാതിപ്പെട്ടു. ഇന്നലെയാണ് ഇത് സംബന്ധിച്ച പരാതി അഹല്യ തൃക്കാക്കര പോലീസിന് നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments