പാലക്കാട്: ഡബിൾ ഡക്കർ ബസുകൾ അത്ര കൗതുക കാഴ്ചയൊന്നുമല്ല ഇപ്പോൾ കേരളത്തിൽ. കെഎസ്ആർടിസിയും ചില ദീർഘദൂര പ്രൈവറ്റ് ബസുകളും ഡബിൾ ഡക്കർ ബസുകളിൽ സർവ്വീസ് നടത്താറുണ്ട്. മുകളിലെ നിലയിലും താഴത്തെ നിലയിലുമായി ഇരുന്ന് യാത്രക്കാർ യാത്ര ചെയ്യും. ഇതൊക്കെ സാധാരണ കാര്യം.
പാലക്കാടും ഇന്നലെ ഇങ്ങനെ ഒരു കൂട്ട യാത്രക്കാർ ബസിന് ‘ മുകളിൽ ‘ കയറി യാത്ര നടത്തി. ഇതിനെന്താണ് ഇത്ര കാര്യം എന്നല്ലേ? ഡബിൾ ഡക്കർ ബസിൽ അല്ല യാത്രക്കാർ ഇങ്ങനെ ബസിന് മുകളിൽ കയറി യാത്ര നടത്തിയത്. ബസിൽ സ്ഥലമില്ലാത്തതിനെ തുടർന്നാണ് യാാത്രക്കാർ ബസിന് മുകളിലും സ്ഥലം പിടിച്ചത്.
പാലക്കാടാണ് സംഭവം. നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ട് കണ്ടു മടങ്ങിയ യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് ബസിൽ.ആളുകളങ്ങനെ മുകളിൽ കറി പറ്റി ഫ്രീയായി യാത്ര ചെയ്യാൻ വരട്ടെ എല്ലാവരും ടിക്കറ്റ് എടുക്കണമെന്ന് ഉറപ്പിച്ച് യാത്രക്കാരുടെ പുറകേ ബസിന്റെ മുകളിൽ കയറിയ കണ്ടക്ടറാണ് കഥയിലെ മിന്നും താരം.
ബസിനു മുകളിൽ കയറി ഇരിക്കുന്ന യാത്രക്കാർക്കും ടിക്കറ്റ് നൽകുന്ന കണ്ടക്ടറാണ് വൈറലായിരിക്കുന്നത്. ബസിനുള്ളൽ തിരക്കായതോടെയാണ് ഒരു പറ്റം യാത്രക്കാർ ബസിനു മുകളിൽ സീറ്റ് തേടിയെത്തിയത്. കണ്ടക്ടറും ഇവർക്ക് പിന്നാലെ കയറി എല്ലാർക്കും ടിക്കറ്റ് നൽകുന്നതാണ് ദൃശ്യം. റോഡരികിലിരുന്ന ആരോ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സംഭവത്തെ വിമർശിച്ചും തമാശയായി എടുത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.















