കൊച്ചി ; ഒരു നേരം അന്നം നൽകുന്നതിന്റെ പുണ്യം മറ്റൊന്നിനും നൽകാനാകില്ല . അത് വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്റെ കൊച്ചി’ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഈ സംഘടന വർഷം മുഴുവൻ പണം വാങ്ങാതെ അരി ദാനമായി നൽകുന്നത് .
അരി നൽകാനായി മട്ടാഞ്ചേരിയിലെ നസ്രേത്ത് പരിസരത്താണ് എന്റെ കൊച്ചിയുടെ ഓഫീസും തുടങ്ങിയിരിക്കുന്നത് . എല്ലാ ദിവസവും വൈകിട്ടാണ് അരി നൽകുന്നത്. അരി എത്ര വേണമെന്നുമാത്രം പറഞ്ഞാൽ മതി. ഒരിക്കൽ അരി വാങ്ങുന്നയാൾക്ക് ഒരാഴ്ച്ച കഴിഞ്ഞാൽ വീണ്ടും അരി വാങ്ങാം. അതിനു നിയന്ത്രണങ്ങൾ ഒന്നും ഇല്ല .
കുടുംബത്തിൽ എത്ര പേരുണ്ടെന്ന് പറഞ്ഞാൽ അത്രയും അരിയും ഇവിടെ നിന്ന് നൽകും . നിർധനരാണ് എന്ന കാരണത്താൽ ആരും പട്ടിണി കിടക്കരുതെന്നാണ് എന്റെ കൊച്ചി ചീഫ് കോ-ഓർഡിനേറ്റർ ഷിബു പൊള്ളയിൽ പറയുന്നത്. മട്ട , വെള്ളയരി, ഗോതമ്പ് എന്നിവയാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്. ‘365 ദിവസവും സൗജന്യമായി അരി ലഭ്യമാണ്’ എന്ന ബോർഡും ഈ ഓഫീസിന്റെ മുന്നിൽ തൂക്കിയിട്ടുണ്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ളവർ ആരെയെങ്കിലും പറഞ്ഞയച്ചാലും അരി കൊടുത്തയയ്ക്കും . സുമനസ്സുകളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ വിതരണം ചെയ്യാൻ അരി വാങ്ങുന്നത് .
Comments