കൊച്ചി: എറണാകുളത്ത് ‘ബെർമുഡ’ കള്ളനെപ്പേടിച്ച് നാട്ടുകാർ. അങ്കമാലിയിലെ ഒക്കൽ, വല്ലം ഭാഗങ്ങളിലെ വീടുകളിലാണ് ബെർമുഡ ധരിച്ച കള്ളൻ മോഷണം നടത്തുന്നത്. ഇയാളുടെ രൂപം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും, ആരാണെന്ന് തിരിച്ചറിയാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ബെർമുഡയും ഷർട്ടും ധരിച്ച് തലയിൽ തുണികെട്ടി പണി ആയുധങ്ങൾ സഞ്ചിയിലാക്കിയാണ് കള്ളൻ മോഷണത്തിനെത്തുന്നത്. ശബ്ദമില്ലാതെ, കൈ കൊണ്ട് പ്രവർത്തിക്കുന്ന കട്ടറുപയോഗിച്ച് വീടിന്റെ വാതിലിൽ ദ്വാരമുണ്ടാക്കും. അതിന് ശേഷം അതിലൂടെ കൈയ്യിട്ട് കുറ്റി തുറന്നാണ് കള്ളൻ അകത്ത് കടക്കുന്നത്. ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
എന്നാൽ, പോലീസ് ആളെ തിരിച്ചറിയാൻ വൈകുന്നുവെന്നും, കള്ളൻ കയറിയ വീടിന്റെ ഫോട്ടോയെടുത്ത ശേഷം പോലീസ് നടപടികൾ അവസാനിപ്പിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയെങ്കിലും, അവിടെ വന്ന് ചിത്രങ്ങളും മറ്റും ശേഖരിച്ച ശേഷം പോലീസ് മടങ്ങുകയാണെന്നും, നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
Comments