കേരളത്തിന് ആശ്വാസമായി വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അങ്ങനെ അല്ല അവസ്ഥ. കൊടും ചൂടിൽ വിയർത്തൊലിക്കുകയാണ് ആളുകൾ. എസിയിലിരുന്നും സൺ സ്ക്രീൻ പുരട്ടിയും വെള്ളം കുടിച്ചും അങ്ങനെ പലവിധത്തിൽ ആളുകൾ വെയിലിനെ പ്രതിരോധിക്കുന്നു.
എന്നാൽ കടുത്ത വെയിലിൽ ഇറങ്ങി ജോലി ചെയ്യേണ്ട ആളുകൾ എന്തു ചെയ്യും. വെയിലിൽ നിന്ന് രക്ഷതേടാനുള്ള സാഹചര്യം അതിന് അനുസരിച്ച് ഒരുക്കുക എന്നാണ് നമ്മുടെ രാജ്യത്തെ ബുദ്ധിമാനായ ഒരു റിക്ഷ ഡ്രൈവർ പറയുന്നത്.
കടുത്ത ചൂടിൽ നിന്ന് രക്ഷ തേടാൻ അദ്ദേഹം തന്റെ റിക്ഷയിൽ ഒരു കൊച്ചു പൂന്തോട്ടം തന്നെ നിർമ്മിച്ചെടുത്തു. പച്ചപ്പുകൊണ്ട് നിറച്ച് ചൂടിനെ മറികടക്കാൻ റിക്ഷക്കാരൻ ചെയ്ത ഐഡിയ എന്തായാലും ആളുകൾക്ക് ഇഷ്ടപ്പെട്ടു.
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എറിക് സോൾഹൈം ട്വിറ്ററിൽ ചിത്രം പങ്കുവെച്ചതോടെയാണ് റിക്ഷക്കാരനെ ആളുകൾ അറിയുന്നത്. ചിത്രത്തിൽ പുൽത്തകിടി കൊണ്ട് പുതച്ച റിക്ഷയിൽ ഡ്രൈവറും ഇരിക്കുന്നത് കാണാം.റിക്ഷയുടെ വശങ്ങളിൽ ചെടിച്ചട്ടികൾ ഉണ്ട്. വളരെ മനോഹരമായാണ് ഓട്ടോറിക്ഷയെ ഒരുക്കിയിരിക്കുന്നത്.
നിരവധി പേരാണ് റിക്ഷക്കാരന്റെ ആശയത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. അവസരം കിട്ടിയാൽ ഒരിക്കൽ ഈ റിക്ഷയിൽ തന്നെ കയറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരുണ്ട്. എന്നാൽ ഇന്ത്യയിലെ ഏത് നഗരത്തിലാണ് ഈ റിക്ഷക്കാരൻ എന്ന ചോദ്യത്തിന് ഇത് വരെ ഉത്തരം ലഭിച്ചിട്ടില്ല. വൈറൽ റിക്ഷക്കാരനേയും തപ്പി ഇറങ്ങിയിരിക്കുകയാണ് ആളുകൾ.















