ഷിംല: ഹിമാചൽ പ്രദേശിൽ ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. എഎപിയുടെ സംസ്ഥാന പ്രസിഡന്റ് അടക്കം മൂന്ന് മുതിർന്ന പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിൽ വെച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മൂന്ന് നേതാക്കളെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ഹിമാചൽ പ്രദേശിലെ ആം ആദ്മി സംസ്ഥാന പ്രസിഡന്റായ അനൂപ് കേസരി, ജനറൽ സെക്രട്ടറി സതീഷ് ഠാക്കൂർ, ഉന്ന ജില്ലാ മേധാവി ഇഖ്ബാൽ സിംഗ് എന്നിവരാണ് പാർട്ടി വിട്ടത്.
എഎപി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ”മിഷൻ ഹിമാചൽ” എന്ന പേരിൽ മാണ്ഡിയിൽ ആദ്യമായി റോഡ്ഷോ നടത്തിയിരുന്നു. ആയിരക്കണക്കിന് അനുയായികളെ സാക്ഷിയാക്കിയായിരുന്നു റാലി. ബുധനാഴ്ച നടന്ന റാലിയിൽ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തിന് പിന്നാലെയാണ് ഹിമാചലിലെ മുതിർന്ന എഎപി നേതാക്കളെല്ലാം പാർട്ടി വിട്ടിരിക്കുന്നത്.
ഹിമാചലിൽ അഴിമതി തുടച്ചുനീക്കുമെന്ന് റോഡ്ഷോയ്ക്കിടെ കെജ്രിവാൾ പറഞ്ഞിരുന്നു. ആദ്യം, ഞങ്ങൾ ഡൽഹിയിലും പിന്നീട് പഞ്ചാബിലും അഴിമതി ഇല്ലാതാക്കി, ഇപ്പോൾ ഹിമാചലിലെ അഴിമതി വേരോടെ പിഴുതെറിയാൻ സമയമായിരിക്കുകയാണെന്നാണ് കെജ്രിവാൾ പറഞ്ഞത്. എഎപിക്ക് രാഷ്ട്രീയമറിയില്ലെന്നും എന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും സ്കൂളുകൾ നിർമ്മിക്കാനും അഴിമതി അവസാനിപ്പിക്കാനും എഎപിക്ക് അറിയാമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശിൽ ഇടപെടലുകൾ ശക്തമാക്കാൻ എഎപി എട്ടംഗ സംഘത്തെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയും ഏറ്റെടുത്തു. പഞ്ചാബിലെ വിജയത്തിന് ശേഷം ഹിമാചലിലേക്ക് ഉറ്റുനോക്കവെയാണ് മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറി പാർട്ടിക്ക് തിരിച്ചടി നൽകിയിരിക്കുന്നത്. ഈ വർഷം ഡിസംബറിലാണ് ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
Comments