തിരുവനന്തപുരം : കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കുത്തിക്കൊന്നു. കപ്പാംവിളയിൽ തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് വിരണ്ടത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വെള്ളല്ലൂർ ആൽത്തറ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇയാൾ ഒന്നാം പാപ്പാനാണ്. തടി പിടിയ്ക്കുന്നതിനിടെ ആന പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് അടുത്തു നിന്നിരുന്ന ഉണ്ണിയെ ആന കുത്തി. ഗുരുതരമായി പരിക്കേറ്റ ഉണ്ണി സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
പാപ്പാനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് അടുത്തു തന്നെ ആന നിന്നു. അതുകൊണ്ടുതന്നെ ദീർഘ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ആണ് മൃതദേഹം മാറ്റിയത്.
പുത്തൻകുളം സ്വദേശി സജി എന്നയാളുടെ കണ്ണൻ എന്ന ആനയാണ് വിരണ്ടത്. എങ്ങനെയാണ് ആന വിരണ്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ആനയെ തളയ്ക്കാൻ എലിഫന്റ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Comments