ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നടന്ന സംഘർഷത്തിൽ പരാതിയുമായി വിദ്യാർത്ഥി യൂണിയൻ. ഡൽഹി വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിൽ ആണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. രാമനവമിയോട് അനുബന്ധിച്ചുള്ള ആഘോഷത്തിനിടെയായിരുന്നു ജെഎൻയു സർവ്വകലാശാലയിൽ സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ എബിവിപി വിദ്യാർത്ഥികൾ വടിയും പൂച്ചട്ടികളും ഉപയോഗിച്ച് ആക്രമിച്ചതായാണ് എസ്എഫ്ഐ ആരോപിക്കുന്നത്. അക്രമത്തിന് സാധ്യതയുണ്ടെന്ന് പോലീസിനെ നേരത്തെ അറിയിച്ചിരുന്നു, ഒരു നടപടിയും ഉണ്ടായില്ല, വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇടതു വിദ്യാർത്ഥി സംഘടനകൾ ആഘോഷ പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് എബിവിപി വ്യക്തമാക്കുന്നു. സംഘർഷത്തിൽ അറുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് ഇടതുപക്ഷ സംഘടനകൾ അവകാശപ്പെടുന്നത്. എന്നാൽ ആറ് പേർ മാത്രമാണ് അപകടത്തിൽ ചികിത്സ തേടിയെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.വസ്തുതാപരവും ശാസ്ത്രീയവുമായ തെളിവുകൾ ശേഖരിക്കുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി അന്വേഷണം നടത്തിവരികയാണെന്ന് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനോജ് സി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 323 , 341 ,506 , 34 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പോലീസ് അറിയിച്ചു. എബിവിപി വിദ്യാർത്ഥികളും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്, “അത് ലഭിച്ചാൽ, ഉചിതമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും മനോജ് സി അറിയിച്ചു.
Comments