വാഷിംഗ്ടൺ: ഇന്ത്യ-അമേരിക്ക പ്രതിരോധ പങ്കാളിത്തം എക്കാലത്തേയും മികച്ച നിലയിലേക്ക് ഉയർന്നതായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദവും ക്രീയാത്മകവുമാ യി മുന്നേറുകയാണ്. ഇരുരാജ്യങ്ങളുടേയും സേനാ വിഭാഗങ്ങൾ ലോകത്തിന്റെ വിവിധ മേഖലകളിൽ സംയുക്തമായി പ്രവർത്തിക്കാനുള്ള സംവിധാനം ശക്തമാക്കുമെന്നും ഇരുവരും പറഞ്ഞു.
നാലു ദിവസത്തെ സന്ദർശനമാണ് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശ കാര്യമന്ത്രി എസ്.ജയശങ്കറും അമേരിക്കയിൽ നടത്തുന്നത്. വിദേശകാര്യ-പ്രതിരോധ മന്ത്രിമാരുടെ സംയുക്ത സമ്മേളനം ഇന്ത്യ ഏറെ ഫലപ്രദമായിട്ടാണ് വിദേശരാജ്യ ങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ഉപയോഗിക്കുന്നത്. പ്രതിരോധ രംഗത്ത് ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ഇന്ത്യയുടെ കരുത്തിനെ പസഫിക്കിലേയ്‌ക്കും എത്തിക്കാൻ അമേരിക്ക നടത്തിയ ശ്രമം വലിയ വിജയമാണ് ഉണ്ടാക്കിയിരിക്കുന്നത്. പസഫിക്കിലെ ദ്വീപുരാജ്യങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയ ഇന്ത്യ സൈനിക പരിശീലനത്തിനപ്പുറം വാണിജ്യ വിദേശകാര്യ മേഖലയിൽ നിർണ്ണായ സഹായിയായി മാറിയിരിക്കുകയാണ്.
സമീപകാലത്ത് ആത്മനിർഭർ ഭാരതിലൂന്നിയുള്ള ഇന്ത്യയുടെ പ്രതിരോധ രംഗത്തെ വളർച്ചയ്‌ക്കൊപ്പം അമേരിക്കയുടെ പങ്കാളിത്തം ഏതെല്ലാം മേഖലയിൽ ഉറപ്പിക്കാം എന്നതും ചർച്ചയായി. ഒപ്പം സേനാ വിഭാഗങ്ങളിലെ അത്യാധുനിക മേഖലകൾ വികസിപ്പിക്കാനും പ്രത്യേക സേനകളുടെ പരിശീലനത്തിനും ധാരണയായി.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ വെർച്വൽ സംവിധാനത്തിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-അമേരിക്ക ബന്ധം ലോകത്തിന്റെ മാറിയ പരിതസ്ഥിതിയിൽ ഏറെ നിർണ്ണായകമാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഏഷ്യ-യൂറോപ് മേഖലയിൽ റഷ്യ-യുക്രെയൻ സംഘർഷവും ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഉണ്ടായിട്ടുള്ള സമ്മർദ്ദങ്ങളെ നേരിടാൻ ഇന്ത്യ-അമേരിക്ക ബന്ധം നിർണ്ണായകമാണെന്നും നേതാക്കൾ വിലയിരുത്തിയിരുന്നു.















