ശ്രീനഗർ : ഭീകരർക്ക് അഭയം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് കശ്മീർ പോലീസ് .യുഎപിഎ പ്രകാരമാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നവരുടെ സ്ഥാവര സ്വത്തുക്കൾ പോലീസ് കണ്ടുകെട്ടുന്നത് .
വീട്ടുടമയോ അംഗമോ മനഃപൂർവം തീവ്രവാദികൾക്ക് അഭയം നൽകിയാലാണ് വസ്തുവകകൾ അറ്റാച്ച്മെന്റ് ചെയ്യുന്നത് . ഇത്തരത്തിൽ സഹായിക്കുന്നവരുടെ എല്ലാ സ്വത്തുക്കളും ഞങ്ങൾ പിടിച്ചെടുക്കും, എവിടെ ഏറ്റുമുട്ടൽ നടന്നാലും, അല്ലെങ്കിൽ ഭീകരർ ഒളിത്താവളമായി ഉപയോഗിച്ചാലും, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും,’ – കശ്മീർ പോലീസ് ഐജി വിജയ് കുമാർ പറഞ്ഞു.
യുഎൽപി നിയമത്തിലെ സെക്ഷൻ 2(ജി) & 25 പ്രകാരം പ്രോപ്പർട്ടി അറ്റാച്ച്‌മെന്റുകൾ നിയമ നടപടിക്ക് വിധേയമാക്കും . ശ്രീനഗറിൽ സാധാരണക്കാർക്കും , സുരക്ഷാ സേനയ്‌ക്കും നേരെ ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് മനഃപൂർവം സുരക്ഷിത താവളമൊരുക്കുന്ന നിരവധി പേരുണ്ട് . അത് നിയന്ത്രിക്കാനാണ് ഈ തീരുമാനം നടപ്പാക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ശ്രീനഗറിലെ ബിഷംബർ നഗറിൽ അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ, തീവ്രവാദികൾ ഒളിച്ച വീടിന്റെ ഉടമയുടെ സ്വത്ത് കണ്ടുകെട്ടുമെന്നും പോലീസ് പറഞ്ഞു. ഏതെങ്കിലും വീട്ടിലേക്കോ മറ്റെന്തെങ്കിലും കെട്ടിടത്തിലേക്കോ ഭീകരർ ബലപ്രയോഗത്തിലൂടെ കടന്നുകയറുകയാണെങ്കിൽ, വീട്ടുടമയോ മറ്റേതെങ്കിലും അംഗമോ അത് സമയബന്ധിതമായി അധികാരികളെ അറിയിക്കണമെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. അത്തരം വിവരങ്ങൾ നൽകുന്നവർക്ക് നിയമപ്രകാരം സുരക്ഷ ലഭ്യമാക്കും.
അതേസമയം പോലീസ് തീരുമാനത്തെ എതിർത്ത് കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി . ‘അത് തികച്ചും തെറ്റാണ്. ഇത് സമൂഹത്തെ മുഴുവൻ ശിക്ഷിക്കുന്നതിന് തുല്യമാണ്. നിങ്ങൾക്ക് തീവ്രവാദികളോട് യുദ്ധം ചെയ്യണമെങ്കിൽ അവരോട് യുദ്ധം ചെയ്യുക, പക്ഷേ അതിന് നാട്ടുകാരെ ശിക്ഷിച്ചിട്ട് എന്താണ് കാര്യം. ‘ മെഹബൂബ മുഫ്തി പറഞ്ഞു. എന്നാൽ മുഫ്തിയുടെ പ്രസ്താവനയെ തള്ളിയ ജമ്മു കശ്മീർ പോലീസ് ഭീകരതയോട് സഹിഷ്ണുത കാണിക്കില്ലെന്ന് ഉറപ്പിച്ച് വ്യക്തമാക്കി.
Comments