കോട്ടയ്ക്കൽ : മലപ്പുറത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി പിതാവിന്റെ ക്രൂരത. അഞ്ചര മണിക്കൂർ വീടിന് മുകളിൽ കയറി നിന്നാണ് പരാക്രമം. തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് നിഗമനം.
കോട്ടയ്ക്കൽ ചങ്കുവട്ടിയിലാണ് സംഭവം. പ്രദേശവാസിയായ 31 വയസ്സുകാരനാണ് രാവിലെ ഏഴ് മണിക്ക് കുഞ്ഞുമായി വീടിന് മുകളിൽ കയറിയത്. തുടർന്ന് കുഞ്ഞിന്റെ കഴുത്തിൽ കത്തി വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭാര്യാപിതാവ് വീടിന് മുകളിലേക്ക് കയറിച്ചെന്ന് സംസാരിച്ചാണ് കുട്ടിയെ കൈമാറിയത്.
പിന്നാലെ പോലീസ് എത്തി യുവാവിനെ പിടികൂടി. തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുഞ്ഞും പിതാവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments