അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലാണ് പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നാണ് പ്രധാന പരാതി. വന്ധ്യംകരണത്തിന് വിധേയനായ നവ വരനെപ്പോലെയാണ് പാര്‍ട്ടിയ്ക്കുള്ളില്‍ ഇപ്പോള്‍ സ്ഥാനമെന്നും ഹാര്‍ദിക് പട്ടേല്‍ വിമര്‍ശിച്ചു. പാട്ടിദാര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസില്‍ ഹാര്‍ദിക് പട്ടേലിന്റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള ആഗ്രഹം ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് രംഗത്തെത്തിയത്.
‘ പിസിസിയുടെ ഒരു യോഗങ്ങളിലേക്കും എന്നെ ക്ഷണിക്കാറില്ല. എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നോട് ഒന്ന് കൂടിയാലോചിക്കുക പോലുമില്ല. ഇതൊന്നുമില്ലെങ്കില്‍ പിന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ എനിക്ക് തന്നിരിക്കുന്ന ഈ സ്ഥാനത്തിന്റെ അര്‍ത്ഥമെന്താണ്. അടുത്തിടെ 75 പുതിയ ജനറല്‍ സെക്രട്ടറിമാരേയും 25 പുതിയ വൈസ് പ്രസിഡന്റുമാരേയും പാര്‍ട്ടി പുതിയതായി പ്രഖ്യാപിച്ചു. അവര്‍ എന്നെ അത് അറിയിച്ചില്ലെന്നും’ ഹാര്‍ദിക് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പായി ഗുജറാത്ത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാര്‍ദിക്കിനെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിക്കുള്ളില്‍ തനിക്ക് യാതൊരു വിധ പങ്കാളിത്തവും നല്‍കുന്നില്ലെന്ന ആരോപണം നേരത്തേയും ഹാര്‍ദിക് പങ്കുവച്ചിട്ടുണ്ട്. പട്ടീദാര്‍ നേതാവ് നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ കാലതാമസം വരുന്നുവെന്നാരോപിച്ചും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഹാര്‍ദിക് വിമര്‍ശനം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നേടാന്‍ പാട്ടിദാര്‍ സംവരണ പ്രക്ഷോഭം കോണ്‍ഗ്രസിനെ സഹായിച്ചിരുന്നെന്നാണ് അവകാശവാദം.
Comments