കൊച്ചി: ജപ്തി വിവാദത്തിന് പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സ്ഥാനം രാജിവെച്ച് ഗോപി കോട്ടമുറിക്കൽ. പാർട്ടി നിർദേശ പ്രകാരമാണ് രാജി. ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവർക്കാണ് സസ്പെൻഷൻ. ജപ്തി നടപടിയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു മൂവാറ്റുപുഴയിൽ വിവാദമായ ജപ്തി വിഷയം. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ടുകൊണ്ടായിരുന്നു ബാങ്കിന്റെ ജപ്തി. ഈ സംഭവവികാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അർബൻ ബാങ്ക് ചെയർമാനായ ഗോപി കോട്ടമുറിക്കൽ രാജിവെച്ചത്.
വീട് പണയം വെച്ച് ഒരുലക്ഷം രൂപ കുടിശ്ശിക ആയതിനാലായിരുന്നു ജപ്തി നടപടി. മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീടാണ് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നത് വരെ സമയം ചോദിച്ചിരുന്നെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടർന്ന് 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ബാങ്ക് ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തെത്തി. കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു ബാങ്ക് പറഞ്ഞത്.
ഇതിന് പിന്നാലെ, സർക്കാർ നയത്തിന് വിരുദ്ധമായി വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സഹകരണ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നൽകി. തുടർന്ന് മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ. പീറ്റർ രാജി വെച്ചു. ഇതിന് ശേഷമാണ് ഇപ്പോൾ ബാങ്കിന്റെ ചെയർമാനും പാർട്ടി നേതാവുമായ ഗോപി കോട്ടമുറിക്കൽ രാജിവെച്ചിരിക്കുന്നത്.
Comments