ബംഗളൂരു: ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരു പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഖുർആൻ സർക്കിൾ ഗ്രൂപ്പിലൂടെ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണ് മൂന്ന് പേർക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം നൽകിയത്.
ബംഗളൂരു സ്വദേശികളായ മുഹമ്മദ് തൗഖിർ മഹ്മൂദ്, സൊഹൈബ് മന്ന, മുഹമ്മദ് ഷിഹാബ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തതായി എൻഐഎ അറിയിച്ചു. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവാക്കളെ ഖുർആൻ സർക്കിൾ ഗ്രൂപ്പിലൂടെ ഭീകരപ്രവർത്തനങ്ങൾക്കായി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു.
റിക്രൂട്ട് ചെയ്യുന്നവരെ സിറിയയിലേക്ക് കടത്താനും പ്രതികൾ ശ്രമിച്ചു. ഇതിനായി ഫണ്ട് ശേഖരിച്ചതായും എൻഐഎ കണ്ടെത്തിയിരുന്നു. ബംഗളൂരു, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് സിറിയിലലേക്ക് കടക്കാൻ ഇവർ സാമ്പത്തിക സഹായം നൽകി. കേസിൽ മഹ്മൂദിനും ഷിഹാബിനുമെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരും സിറിയ സന്ദർശിച്ചെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments