തിരുവനന്തപുരം : കെ എസ് ആർ ടി സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുടങ്ങിയ ശമ്പളം ഇന്ന് ലഭിച്ചേക്കും. സർക്കാർ നൽകിയ സഹായത്തിനൊപ്പം 50 കോടി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നത്. അതേസമയം കെ എസ് ആർ ടി സിയെ തകർക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബി എം എസ് ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.
കെ എസ് ആർ ടി സി ജീവനക്കാരുടെ മാർച്ച് മാസത്തെ മുടങ്ങിയ ശമ്പളം ഇന്ന് തന്നെ നൽകാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. വിഷു, ഈസ്റ്റർ ഉൾപ്പടെയുള്ള ആഘോഷ സമയത്ത് ശമ്പളം മുടങ്ങിയതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിൽ ഒടുവിൽ ഭരണ പക്ഷ സംഘടനയും രംഗത്തെത്തി. ഗതാഗത മന്ത്രി ആന്റണി രാജു, കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ ഉൾപ്പെടെയുള്ളവർക്കെതിരെ തൊഴിലാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് നടപടിയായത്. ധനവകുപ്പ് അനുവദിച്ച 30 കോടിക്കൊപ്പം ബാങ്കിൽ നിന്ന് 50 കോടിയുടെ ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നത്. ഇതോടെ ജീവനക്കാരുടെ പ്രതിഷേധത്തിന് അയവ് വരുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
അതേസമയം തൽക്കാലം പ്രശ്നം പരിഹരിച്ചാലും അടുത്ത മാസവും സമാന പ്രതിസന്ധി നേരിടുമെന്ന് ഉറപ്പാണ്. . കെ എസ് ആർ ടി സി യുടെ വരുമാനവും പ്ലാൻ ഫണ്ടും കെ- സ്വിഫിറ്റിന് വേണ്ടി വകമാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമന്ന് ബി എം എസ് ആരോപിച്ചു.
കെ എസ് ആർ ടി സി യെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബി എം എസ് ന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും . സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ബി എം എസ് ഇന്ന് മാർച്ച് സംഘടിപ്പിക്കും.28 ന് ഭരണാനുകൂല സംഘടനകൾ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്
Comments