ഒരു അഞ്ചു മിനിറ്റ് സമയം കിട്ടിയാൽ പോലും മൊബൈൽ ഫോണിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. നമ്മളെല്ലാവരും ഫോണിന് അടിമകളാണെന്ന് ചുരുക്കം.ഫോൺ ദീർഘ നേരം ഉപയോഗിക്കാതിരുന്നാൽ പല അസ്വസ്ഥതകളും ദേഷ്യം പ്രകടിപ്പിക്കുന്നവരും ഉണ്ട്. ഇത് മനുഷ്യരുടെ മാത്രം പ്രശ്‌നമല്ല മൃഗങ്ങളുടേയും പ്രശ്‌നമാണെന്നാണ് ചിക്കാഗോയിലെ ഒരു പാർക്ക് അധികൃതർ പറയുന്നത്.
അധികൃതർ ഇങ്ങനെ അത് ഉറപ്പിച്ച് പറയാൻ വ്യക്തമായ കാരണങ്ങളും ഉണ്ട്. ചിക്കാഗോയിലെ പ്രശസ്തമായ പാർക്കാണ് ലിങ്കൺ പാർക്ക് അവിടെ കാഴ്ചക്കാരുടെയെല്ലാം പ്രിയങ്കരനാണ് അമരെ എന്ന ഗൊറില്ല. ഈ ഗൊറില്ലയുടെ ഇഷ്ടവിനോദമാകട്ടെ ഫോണിൽ നോക്കി ഇരിക്കുന്നതാണ്. സ്വയം മറന്ന് ഫോണിൽ നോക്കിയിരിക്കുന്ന അമരെ തന്റെ കൂട്ടുകാരെ പോലും മറന്നു. ഇതോടെ കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ പാർക്ക് അധികൃതർ അമരെയുടെ സക്രീൻ സമയം വെട്ടി ചുരുക്കിയിരിക്കുകയാണ്.
മൃഗശാലയിൽ വരുന്ന സന്ദർശകരാണ് അമരെയെ മൊബൈൽ നോട്ടം ശീലിപ്പിച്ചത്. അവിടെ എത്തുന്നവർ ഗൊറില്ലയെ തങ്ങളുടെ ഫോണിലൂടെ പലതരം ചിത്രങ്ങളും, വീഡിയോകളും കാണിച്ചു കൊടുത്തിരുന്നു. അതെല്ലാം കണ്ട് അവൻ മതിമറന്നിരുന്നു. പതുക്കെ പതുക്കെ ഇത് വിട്ടുമാറാത്ത ഒരു ദുഃശീലമായി അവനിൽ വളർന്നു.
സ്‌ക്രീനിൽ നിന്ന് വരുന്ന വെളിച്ചം അവനെ അതിലേയ്‌ക്ക് കൂടുതൽ ആകർഷിച്ചു. ഇത് മൂലം തന്റെ തരത്തിലുള്ളവരുമായി ഇടപഴകാൻ അവൻ മറന്നു പോയി.കൂടെ താമസിക്കുന്ന ഗൊറില്ല സുഹൃത്തുക്കളെ മറക്കുകയും അവരുടെ കളികളിൽ പങ്കു ചേരുകയും ചെയ്യാതെ അവൻ സമയം പോക്കാൻ തുടങ്ങി. ആളുകൾ അടുത്തു വന്ന് ചിത്രങ്ങളും വീഡിയോയും കാണിക്കുന്നത് വരെ അവൻ ഒരു മൂലയ്‌ക്ക് ഇരിക്കാൻ തുടങ്ങി.
ഇത് തുടർന്നപ്പോഴാണ് അധികൃതർ ഗൊറില്ലയെ മൊബൈൽ ഫോൺ നോക്കുന്നത് വിലക്കിയത്. സാധാരണ ഗതിയിൽ പെട്ടെന്ന് എന്തെങ്കിലും ഇഷ്ടങ്ങൾ നിർത്തിയാൽ മനുഷ്യർ അസ്വസ്ഥരാകാറുണ്ട് ഭാഗ്യത്തിന് അമരെയ്‌ക്ക് ഒന്നും സംഭവിച്ചില്ല. ആരെങ്കിലും വന്ന് ഫോൺ കാണിക്കുന്നതും കാത്ത് ഒരു മൂലയിൽ ഇരിക്കുന്നത് തനിക്ക് നല്ലതല്ലെന്ന് അമരെ ഇപ്പോൾ തിരിച്ചറിഞ്ഞു. പണ്ടെത്തെ പോലെ അവനും ഇപ്പോൾ കളികളിൽ മുഴുകാൻ തുടങ്ങി.















