ഹൈദരാബാദ്: തെലങ്കാനയിൽ വാഹനത്തിന് തീപിടിച്ച് അനധികൃതമായി കടത്തുകയായിരുന്ന പശുക്കൾ ചത്തു. നിസാമാബാദ് ജില്ലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആംബുലൻസിലാണ് പശുക്കളെയും പശുക്കിടാങ്ങളെയും അനധികൃതമായി കടത്താൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
പത്തോളം പശുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. നിസാമാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു വാഹനം. രാത്രി 8.40ഓടെ ആയിരുന്നു അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവർ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും കന്നുകാലികൾ വെന്തുമരിച്ചു.
സ്ഥലത്ത് തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് ചത്ത മൃഗങ്ങളെ വാഹനങ്ങളിൽ കണ്ടത്. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഓടിരക്ഷപ്പെട്ട ഡ്രൈവർക്കായി തിരച്ചിലിലാണ് പോലീസ്
അതേസമയം, പശുക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്ന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി. രാജ സിംഗ് ആവശ്യപ്പെട്ടു. അനധികൃത കന്നുകാലി കച്ചവടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Comments