ലക്നൗ : ഡൽഹിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ നോയിഡയിൽ അനധികൃതമായി മസറുകൾ നിർമ്മിക്കുന്നുവെന്ന പരാതിയുമായി വിഎച്ച്പി. മസറുകൾ കൂണ് പോലെയാണ് പൊന്തുന്നത് എന്നും ജില്ലാ ഭരണകൂടം നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മീററ്റിലെ വിഎച്ച്പി നേതാവ് ഡോ. രാജ് കമൽ ഗുപ്ത അറിയിച്ചു.
നോയിഡയിൽ അനധികൃതമായി മസറുകൾ നിർമ്മിക്കുന്നത് വർദ്ധിച്ചുവരികയാണ്. ഇതിന് സംരക്ഷണം നൽകുന്നത് പോലീസും. അനധികൃത നിർമ്മാണത്തിനെതിരെ പരാതിയുമായി വിഎച്ച്പി-ബജ്റംഗ് ദൾ പ്രവർത്തകർ അധികൃതരെയും ജില്ലാ മജിസ്ട്രേറ്റിനെയും സമീപിച്ചിരുന്നു. എന്നാൽ തിരിച്ച് വരുന്നതിനിടെ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പ്രവർത്തകർ ആക്രമിക്കപ്പെട്ടു. പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനും പോലീസ് ശ്രമിച്ചെന്ന് രാജ് കമൽ ഗുപ്ത പറഞ്ഞു.
വിഎച്ച്പി പ്രവർത്തകന്റെ നെഞ്ചിൽ റിവോൾവർ വെച്ചാണ് പോലീസ് ഭീഷണി മുഴക്കിയത്. ആ ഉദ്യോഗസ്ഥനെതിരെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെയും ഉടൻ നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സംഘടനാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Comments