കോഴിക്കോട്: വയനാട്ടിൽ രാഹുൽ ചെയ്യാത്തതാണ് ബിജെപി ചെയ്യുന്നതെന്ന് ബിജെപി
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഒരു തവണ പോലും വയനാട്ടിലെ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കാത്ത എംപിയാണ് രാഹുലെന്നും എംടി രമേശ് കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു എംടി രമേശിന്റെ വാക്കുകൾ.
കോഴിക്കോട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കുന്ന പൊതുസമ്മേളന പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംടി രമേശ്. കേരളത്തിലെ ഏറ്റവും അവികസിതമായി കിടക്കുന്ന ഒരു പാർലമെന്റ് മണ്ഡലമാണ് വയനാട്. പ്രത്യേകിച്ച് വനവാസി സമൂഹത്തിന് വലിയ മുന്നേറ്റമുളള ജില്ലയാണ് വയനാട്. പക്ഷെ അവിടുത്തെ നിരവധി വനവാസി കോളനികളിൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചത് ബിജെപിയാണെന്ന് എംടി രമേശ് ചൂണ്ടിക്കാട്ടി.
ആദിവാസി ഊരുകളിലെ കുടിവെളള പ്രശ്‌നവും അവർക്ക് പ്രാഥമികകാര്യങ്ങൾ നിർവ്വഹിക്കാൻ പോലും സൗകര്യമില്ലെന്നും സുരേഷ് ഗോപി എംപിയാണ് രാജ്യസഭയിൽ ഉന്നയിച്ചത്. കേന്ദ്രസർക്കാർ ഈ മേഖലയിൽ കോടിക്കണക്കിന് രൂപയാണ് അനുവദിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഈ തുക എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് മനസിലാക്കാൻ കൂടിയാണ് സ്മൃതി ഇറാനിയുടെ സന്ദർശനമെന്നും എം.ടി രമേശ് പറഞ്ഞു.















