ന്യൂഡൽഹി: പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയുടെ അടുത്തേയ്ക്ക് കുപ്പിവെള്ളവുമായെത്തി ധനമന്ത്രി നിർമ്മല സിതാരാമൻ. മുംബൈ എൻഎസ്ഡി എല്ലിന്റെ രജത ജൂബിലി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പത്മജയാണ് പരിപാടിയ്ക്കിടെ വെള്ളം ചോദിച്ചത്. ഇതിനിടെ കേന്ദ്രന്ത്രി നേരിട്ടെത്തി വെള്ളം നൽകുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രസംഗത്തിനിടെ വെള്ളം വേണമെന്ന ആംഗ്യം പത്മജ കാണിക്കുകയായിരുന്നു. ഇതിന് ശേഷം പ്രസംഗം തുടരുന്നതും വീഡിയോയിൽ കാണാം. പിന്നാലെ കേന്ദ്രമന്ത്രി ഒരു കുപ്പി വെള്ളവും ഗ്ലാസുമായി പത്മജയ്ക്ക് അരികിലേക്ക് പോയി. ഗ്ലാസ് പോഡിയത്തിൽ വെയ്ക്കുകയും വെള്ളക്കുപ്പി തുറന്നു നൽകുന്നതും വീഡിയോയിൽ കാണാം.
മന്ത്രിയുടെ പ്രവൃത്തിയ്ക്ക് വേദിയിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. സംഭവം പത്മജയെ ഞെട്ടിയ്ക്കുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Comments